‘ഉറക്കില്ല, ശ്വാസംമുട്ടിക്കും, പിടയുമ്പോൾ വിടും, വീണ്ടും അതുതന്നെ’; ഭർത്താവിന്റെ ക്രൂരപീഡനം

കോഴിക്കോട്: കുണ്ടുങ്ങലില്‍ യുവതി ഭര്‍ത്താവില്‍നിന്ന് നേരിട്ടത് ക്രൂരപീഡനം. കുണ്ടുങ്ങലില്‍ താമസിക്കുന്ന ജാസ്മിനെയാണ് ഭര്‍ത്താവ് സി.കെ. നൗഷാദ് നിരന്തരം ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായതോടെ പോലീസില്‍ പരാതി നല്‍കുകയും നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

.

കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ മാതാപിതാക്കള്‍ കുണ്ടുങ്ങലിലെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് നൗഷാദ് ജാസ്മിനെ കൊല്ലാന്‍ശ്രമിച്ചതെന്നാണ് ആരോപണം. ക്രൂരമര്‍ദനത്തിനും കൊലപാതകശ്രമത്തിനും ശേഷം കുപ്പിയില്‍ പെട്രോളുമായി വീട്ടിലെത്തിയ നൗഷാദ് ഭീഷണിമുഴക്കി. എന്നാല്‍, ഭയംകാരണം ജാസ്മിന്‍ വാതില്‍തുറന്നില്ല. ഇതോടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്‌കൂട്ടര്‍ ഇയാള്‍ പെട്രോളൊഴിച്ച് കത്തിക്കുകയുംചെയ്തിരുന്നു.

.

ക്രൂരമായ മര്‍ദനത്തിന് പിന്നാലെയാണ് നൗഷാദ് പെട്രോളുമായി ആക്രമിക്കാനെത്തിയതെന്നാണ് ആരോപണം. ജാസ്മിന്റെ മുഖത്തും കൈകളിലും അടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. കത്തികൊണ്ട് നെറ്റിയില്‍ വരച്ച് പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം വീട്ടില്‍നിന്ന് പോയ നൗഷാദ് പിന്നീട് പെട്രോളുമായി തിരികെ എത്തുകയായിരുന്നു.

നൗഷാദ് നേരത്തേയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്നാണ് ജാസ്മിന്‍റെ ആരോപണം. ജാസ്മിന്‍ നേരത്തേ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തതിനെച്ചൊല്ലിയായിരുന്നു ഇതിന് മുന്‍പ് വഴക്കുണ്ടാക്കിയത്. ഇതിന്റെപേരില്‍ പലതവണ മര്‍ദിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ജാസ്മിന്‍ ആരോപിച്ചു. ‘നീ എന്റെ ഉറക്കംകളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാന്‍ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച് തിരിക്കും. വായില്‍ വിരലിട്ട് അകത്തിപിടിക്കും. തലയ്ക്കടിക്കുകയുംചെയ്യും. ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിയെടുത്ത് നെറ്റിയില്‍വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസംമുട്ടിച്ചു. ശ്വാസംകിട്ടാതെ ഞാന്‍ പിടയുമ്പോള്‍ വിടും. വീണ്ടും ഇത് ആവര്‍ത്തിക്കും,’ ജാസ്മിന്‍ പറഞ്ഞു.

അതേസമയം, നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് ജാസ്മിന്റെ മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞായാഴ്ചയും ആക്രമണമുണ്ടായെന്നും ഇവര്‍ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത നൗഷാദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

 

Share
error: Content is protected !!