റൺവേയിൽ നേർക്കുനേർ രണ്ട് വിമാനങ്ങൾ; പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

മെക്സിക്കോ∙ ലാൻഡിങ്ങിനായി ഇറങ്ങിയ റൺവേയിൽ അതേ സമയം തന്നെ ടേക്ക് ഓഫിന് തയാറെടുത്ത് മറ്റൊരു വിമാനം. നേർക്കുനേർ എത്തിയ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിന് മുൻപ് പൈലറ്റുമാരുടെ പെട്ടെന്നുള്ള ഇടപെ‍ടലിൽ ഒഴിവായത് വൻ ദുരന്തം.

.

മെക്സിക്കോയിലെ ജുആറെസ് ഇന്റർനാഷനൽ എയർപോർട്ടിലെ റൺവേ 5 ആറിലാണ് സംഭവം. ലാൻഡിങ്ങിനായി എയ്റോമെക്സിക്കോ 1631 വിമാനം റൺവേയിലേക്ക് എത്തിയ അതേ സമയത്താണ് അതേ റൺവേയിൽ 144 യാത്രക്കാരും 6 ജീവനക്കാരുമായി ഡെൽറ്റ എയർലൈൻ ബോയിങ് 737 വിമാനം ടേക്ക് ഓഫിനായി തയാറെടുത്തത്. രണ്ടു വിമാനങ്ങളും തമ്മിൽ 200 അടി മാത്രമായിരുന്നു അകലമെന്ന് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ആയ ഫ്ളൈറ്റ് റ‍ഡാർ24 പറയുന്നു.

.

ലാൻഡിങ്ങിനായി എയ്റോ മെക്സിക്കോ എത്തുന്നത് ഡെൽറ്റയിലെ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ടേക്ക് ഓഫിന് പകരം ഡെൽറ്റ വിമാനം പൈലറ്റ് തിരികെ ഡിപ്പാർച്ചർ ടെർമിനലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 3 മണിക്കൂർ കഴിഞ്ഞാണ് വിമാനം അറ്റ്ലാന്റയിലേക്ക് യാത്ര തിരിച്ചത്.

സംഭവം മെക്സിക്കൻ ഏവിയേഷൻ അതോറിറ്റികൾക്കും യുഎസിലെ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനും ഡെൽറ്റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയർ ട്രാഫിക്ക് അധികൃതരും പൈലറ്റുമാരും തമ്മിൽ കൃത്യമായ ആശയവിനിമയം നടത്താത്തത് ആയിരിക്കാം ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വ്യോമരംഗത്തെ വിദഗ്ധർ പറയുന്നത്.

 

Share
error: Content is protected !!