‘ഫാഷൻ’ വേണ്ട, യൂണിഫോം വ്യവസ്ഥകളിലും മാറ്റം; ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള കലണ്ടർ പുറത്തിറക്കി

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള 2025-2026 അധ്യയന വർഷത്തേക്കുള്ള ഔദ്യോഗിക കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച് ഡിഎ) പുറത്തിറക്കി.

സെപ്റ്റംബർ, ഏപ്രിൽ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും കലണ്ടർ ബാധകമാണ്.  നിശ്ചിത ആരംഭ, അവസാന തീയതികളും ശീതകാല, വസന്തകാല, വേനൽ അവധികളും ഉൾപ്പെടുന്നു. എല്ലാ സ്കൂളുകൾക്കും കുറഞ്ഞത് 182 അധ്യയന ദിനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്.

സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ ഓഗസ്റ്റ് 25-ന് ക്ലാസുകൾ തുടങ്ങും. ശീതകാല അവധി  ഡിസംബർ 15-ന് ആരംഭിച്ച് 2026 ജനുവരി 5-ന് അവസാനിക്കും. വസന്തകാല അവധി 2026 മാർച്ച് 23 മുതൽ ഏപ്രിൽ 6 വരെയായിരിക്കും. എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് 2026 ഏപ്രിൽ 13-ന് ക്ലാസുകൾ പുനരാരംഭിക്കും. ഈ സ്കൂളുകളിൽ അധ്യയന വർഷം 2026 ജൂൺ 26-ന് അവസാനിക്കും.

ഈ വർഷം ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ച സ്കൂളുകൾക്ക് വേനൽ അവധി ഓഗസ്റ്റ് 25-ന് അവസാനിക്കും. ശീതകാല അവധിയുടെ തീയതികൾ സെപ്റ്റംബറിൽ ആരംഭിക്കുന്ന സ്കൂളുകളിലേതുപോലെയായിരിക്കും. ഈ സ്കൂളുകളിലെ അധ്യയന വർഷം 2026 മാർച്ച് 31-ന് സമാപിക്കും. രണ്ട് അധ്യയന സമ്പ്രദായങ്ങൾക്കും 182 ദിവസത്തെ ഏറ്റവും കുറഞ്ഞ അധ്യയന ദിനങ്ങൾ നിർബന്ധമാണ്.

∙ യൂണിഫോമിലുൾപ്പെടെ മാറ്റം
2025-2026 അധ്യയന വർഷത്തേക്ക് സ്കൂൾ യൂണിഫോം, വിദ്യാർഥികളുടെ ഡ്രസ് കോഡ് എന്നിവ സംബന്ധിച്ച പുതുക്കിയ നിയമങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും സ്കൂൾ സമൂഹങ്ങളിൽ അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു.

പുതിയ നിയമമനുസരിച്ച്, വിദ്യാർഥികൾ തങ്ങളുടെ വിദ്യാഭ്യാസ ഘട്ടത്തിന് അനുയോജ്യമായ, ഔദ്യോഗികമായി അംഗീകൃത സ്കൂൾ യൂണിഫോം ധരിക്കണം. ഇത് സ്കൂൾ സമയങ്ങളിൽ വൃത്തിയുള്ളതും ഭംഗിയുള്ളതുമായിരിക്കണം. സ്കൂൾ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കറുത്ത നിറത്തിലുള്ള, പരന്ന, അടഞ്ഞ ഷൂസുകളും വെളുത്ത സോക്സുകളും നിർബന്ധമാണ്. കായിക വിദ്യാഭ്യാസ ക്ലാസുകളിൽ നിശ്ചിത സ്പോർട്സ് യൂണിഫോം ധരിക്കണം. കൂടാതെ, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലെ വിദ്യാർഥിനികൾക്ക് ക്ലാസ് മുറിക്ക് പുറത്ത് കറുത്തതോ വെളുത്തതോ ആയ അബായയും അതിനോട് ചേരുന്ന ശിരോവസ്ത്രവും ധരിക്കാൻ അനുവാദമുണ്ട്.

സൗന്ദര്യവർധക വസ്തുക്കളും തിളക്കമുള്ള നിറങ്ങളിലെ നെയിൽ പോളിഷും നിരോധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മുടിയുടെ നീളവും ശൈലിയും പ്രാദേശിക, സാംസ്കാരിക മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം, കൂടാതെ സ്വാഭാവിക മുടിയുടെ നിറങ്ങൾ മാത്രമേ അനുവദിക്കൂ. സ്കൂൾ അഡ്​മിനിസ്ട്രേറ്ററുടെ ചുമതലയാണ് വിദ്യാർഥിനികൾ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ. ഏതെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യും. സ്റ്റാൻഡേർഡ് സ്കൂൾ യൂണിഫോം യുഎഇയിലെ അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ  ലഭ്യമാകും.

ഈദ്, ദേശീയ ദിനം തുടങ്ങിയ മത, ദേശീയ അവധികളുടെ തീയതികൾ യുഎഇ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം സ്ഥിരീകരിക്കും. ഈ അവധികൾ സ്കൂളുകൾ താൽക്കാലികമായി രക്ഷിതാക്കളെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി രക്ഷിതാക്കൾക്ക് കെഎച് ഡിഎയുടെ ഔദ്യോഗിക വെബ്സൈറ്റും അതത് സ്കൂളിന്റെ ഓൺലൈൻ ഡയറക്ടറിയും സന്ദർശിക്കാം.

Share
error: Content is protected !!