12 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ ഒരുങ്ങി പ്രവാസലോകം

ദുബായ്: മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. തുടർന്ന് നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും.

.

.

ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വഴ്ച( ഈ മാസം 8)യായിരുന്നു ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

.

തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.   നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

.

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

.

വൈഭവിയുടെ മൃതദേഹവും നിതീഷിന്റെ വാശി കാരണം ദിവസങ്ങളോളം ഷാർജ ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ച ശേഷമായിരുന്നു സംസ്കരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഷൈലയുടെ ആഗ്രഹം. എന്നാൽ നിതീഷ് ഇതിന് സമ്മതിച്ചില്ല. തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ കാരണം ഒരു കുഞ്ഞുശരീരം ഇത്രയും ദിവസം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നെന്നോർത്ത് അന്ന് സംസ്കാര ചടങ്ങിനെത്തിയവരുടെയെല്ലാം ഉള്ളം നീറി.

 

Share
error: Content is protected !!