‘തലാല്‍ എൻ്റെ മകനാണ്, അവന് പറ്റിയത് എൻ്റെ മകന് പറ്റിയതുപോലെ’- നിമിഷ പ്രിയയുടെ അമ്മ – വിഡിയോ
സനാ: വല്ലാത്ത ദുഃഖത്തിലാണെന്നും ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. യെമനിൽ നിന്ന് അഭിഭാഷകൻ സാമുവൽ ജറോമിനോടൊപ്പം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു പ്രേമകുമാരി. എന്റെ മകനാണ് തലാല്‍ എങ്കില്‍ ഞാന്‍ എന്തുമാത്രം വേദനിക്കും. അതേവേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. പക്ഷേ, എല്ലാം തകര്‍ത്തുകളയുന്ന വാര്‍ത്തകളാണ് വരുന്നത്. ഞാന്‍ കാലുപിടിക്കുകയാണ്. എന്റെ മകളെ ഈ യെമെന്‍ രാജ്യത്ത് നശിപ്പിച്ചുകളയുന്നത് കാണേണ്ടിവരുമോ എന്ന വിഷമത്തിലാണ് ഞാനിവിടെ ഇരിക്കുന്നത്. അവര്‍ എങ്ങനെയെങ്കിലും നമ്മുടെ കൈകളിലേക്ക് വരുമോ. നിമിഷയുമായി ഓണ്‍ലൈനിലോ ഫോണിലോ സംസാരിക്കാനാകില്ല. അവള്‍ ഇടയ്ക്ക് മെസേജ് എഴുതിയിടും. അമ്മ എന്താണ് വിശേഷം, സാറെന്ത് പറഞ്ഞു, എന്ന് മെസേജ് അയക്കും- പ്രേമകുമാരി പറഞ്ഞു.
.
വിഷയത്തില്‍ സര്‍ക്കാരും എംബസിയും നല്ലരീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നും പ്രേമകുമാരി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ”വിചാരിക്കുന്നതിലപ്പുറം അവര്‍ കാര്യങ്ങള്‍ചെയ്യുന്നു. പക്ഷേ, ഇന്നലെ വൈകിട്ടത്തെ ചാനൽ ചര്‍ച്ചയില്‍ പറഞ്ഞത് എനിക്ക് വിഷമമായി. മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യം എന്തായി എന്ന് എഴുതിവരെ ചോദിച്ചിരുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടി സര്‍. ഇപ്പോള്‍ ഇവിടെ സമാധാനം നഷ്ടപ്പെട്ടുപോകുന്നു. എല്ലാമക്കളോടും സ്‌നേഹത്തോടെ അപേക്ഷിക്കുകയാണ്. ആ വീട്ടിലേക്ക് ഉപദ്രവമായ ഒരുവിവരങ്ങളോ വാര്‍ത്തകളോ അവരിലേക്ക് എത്തരുത്. എന്റെ മകളെയും കൊണ്ടേ നാട്ടിലേക്ക് വരൂ എന്നുപറഞ്ഞ് ഞാന്‍ ഇവിടെ നില്‍ക്കുകയാണ്. സാമുവല്‍ എനിക്കുവേണ്ടി ഇവിടെ എല്ലാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയാണ് നാട്ടിലേക്ക് പോയത്. 2017 മുതല്‍ ഇന്നേവരെ ദൈവം അവളെ പോറലില്ലാതെ കാത്തു. തലാലിന്റെ വീട്ടുകാരുടെ സ്‌നേഹം തന്നെയാണ് അത്. തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെയാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു. എനിക്ക് അവിടെ നേരിട്ട് ചെല്ലാനാകില്ല. അവരുടെ വിഷമം ആദ്യംമുതലേ അറിയാം. തലാല്‍ എന്റെ മകനാണ്. അവനുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നെ നാട്ടില്‍കൊണ്ടുപോകാന്‍ സാറ് ഒരുങ്ങിയിരുന്നു. പക്ഷേ, ഞാന്‍ തയ്യാറായില്ല. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാന്‍ ഞാന്‍ എന്നും പ്രാര്‍ഥിക്കുകയാണ്”, പ്രേമകുമാരി കണ്ണീരോടെ യെമെനില്‍നിന്ന് പറഞ്ഞു.
.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ സമീപിച്ച് മാപ്പ് ലഭിക്കുന്നത് സംബന്ധിച്ചാണ് ഇതുവരെ ചര്‍ച്ച നടന്നിട്ടുള്ളതെന്നും എന്നാല്‍, കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെയെല്ലാം തകിടംമറിച്ചെന്നും നിമിഷപ്രിയയുടെ അഭിഷാഷകന്‍ സാമുവല്‍ ജെറോമും പ്രതികരിച്ചു. ”എന്താണ് ദിയാധനമെന്ന് ജനങ്ങള്‍ മനസിലാക്കണം. കുടുംബത്തെ സമീപിച്ച് മാപ്പ് ചോദിക്കുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. മാപ്പ് നല്‍കിയാല്‍ മാത്രമേ ദിയാധനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കാനാവൂ. ദിയാധനം സംബന്ധിച്ച ചര്‍ച്ച കേവലമൊരു പണമിടപാട് ചര്‍ച്ചയല്ല.
.
2017 മുതല്‍ ആ കുടുംബവുമായി ബന്ധമുണ്ട്. പതിയെ പതിയെയാണ് ആ ബന്ധം ഉണ്ടാക്കിയെടുത്തത്. യെമെനികള്‍ ഒരിക്കലും പണം വാങ്ങി മാപ്പ് നല്‍കില്ല. ഇന്നലെ വന്ന അവകാശവാദങ്ങളും വാര്‍ത്തകളും സാഹചര്യം മോശമാക്കി. ഇതുവരെ മാധ്യമങ്ങളുടെ മുന്നിലേക്ക് ഞാന്‍ പോയിട്ടില്ല. 2017 മുതല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയോ ഒന്നും പറഞ്ഞിട്ടില്ല. ജൂലായ് എട്ടിനാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്നത്. സമയപരിധി അവസാനിരിക്കെയാണ് വന്നത്. ഒന്നും ആ കുടുംബത്തിന്റെ വികാരത്തെ ബാധിക്കരുത്. അവര്‍ ബഹുമാനം അര്‍ഹിക്കുന്ന കുടുംബമാണ്. അവര്‍ നല്ല കുടുംബമാണ്. എന്തുകൊണ്ടാണ് ജനങ്ങള്‍ വെറുതെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിമിഷയുടെ ജീവന്‍രക്ഷിക്കലാണോ ഇത്തരം അവകാശവാദങ്ങളാണോ പ്രധാനമെന്ന് ചിന്തിക്കണം.
.
ഇതുവരെയുള്ള എല്ലാ പുരോഗതിയും ഇന്നലെ പിന്നിലായി. ഇതിലെ ഓരോചുവടും പതുക്കെയായിരുന്നു. എല്ലാസമയത്തും ആ സഹോദരനുമായും കുടുംബവുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇതുവരെ സഹോദരന്‍ ഇങ്ങനെയൊരു പ്രതികരണം സാമൂഹികമാധ്യമത്തില്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അവരുടെ മനസ്സ് മാറ്റാന്‍കഴിയൂ. നമുക്ക് മാപ്പ് ചോദിക്കാനേ കഴിയൂ. നിമിഷയുടെ അമ്മയെ വീട് വാടകയ്‌ക്കെടുത്ത് ഇവിടെ താമസിപ്പിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ആ കുടുംബം സമ്മര്‍ദം ചെലുത്തിയാല്‍ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കും. ആ കുടുംബവും സഹോദരനും തലാലിന് നീതിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്നവരാണ്. അവര്‍ ധാരാളം പണം ചെലവഴിച്ചു. ഇതെല്ലാം ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ ചിന്തിക്കണം”, സാമുവല്‍ ജെറോം പറഞ്ഞു.
.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



