ഇടപെടൽ ആവശ്യപ്പെട്ടത് ചാണ്ടി ഉമ്മൻ, എല്ലാകാര്യവും പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിച്ചു- കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളും അതിന്റെ നിലവിലെ സ്ഥിതിയും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി അയച്ചുനല്‍കിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാര്‍ഥിക്കാമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുമനുഷ്യന്‍ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയെന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചതെന്നും യെമെനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യര്‍ഥനയുമായി മുന്നോട്ടുവന്നതെന്നും കാന്തപുരം പറഞ്ഞു. ഒരു ഇന്ത്യന്‍ പൗരന്‍ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോള്‍ അതില്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയതാത്പര്യമാണെന്ന ബോധ്യത്തില്‍നിന്നാണ് ഇടപെടലിന് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
.
”അവിടെ പ്രതിക്ക് പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങളരാണെന്ന് അറിയാത്ത ഞാന്‍, വളരെ ദൂരെയുള്ള ഈ സ്ഥലത്തുനിന്ന് യെമെനിലെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാരെ ബന്ധപ്പെടുകയും അവരോട് ഈ കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയുംചെയ്തു. ഇസ്ലാം മനുഷ്യത്വത്തിന് വളരെ പ്രധാന്യം കല്‍പ്പിക്കുന്ന മതമാണ്. അവിടെ ജാതിയോ മതമോ വേര്‍തിരിച്ചല്ല, മനുഷ്യന്‍ എന്നനിലയ്ക്ക് വളരെയധികം പ്രധാന്യം കല്‍പ്പിക്കുന്ന മതമാണ്. ഇത് അവിടെയുള്ള പണ്ഡിതന്മാരോട് പറയുമ്പോള്‍ അവര്‍ക്ക് പെട്ടെന്ന് മനസിലാകുന്നതും അവര്‍ അംഗീകരിക്കുന്നതുമാണ്. അതുകൊണ്ട് നിങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ട് വല്ലതുംചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യെമെനിലുള്ള ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെല്ലാം ചേര്‍ന്ന് ഈ കാര്യത്തില്‍ ആലോചിക്കുകയും അങ്ങനെ വേണ്ടത് ചെയ്യാമെന്ന് എന്നെ അറിയിക്കുകയുമാണ് ചെയ്തത്.
.
ഇന്ന് ഔദ്യോഗികമായി നമുക്ക് കോടതിയുടെ അറിയിപ്പ് തന്നെ ലഭിച്ചു. തല്‍വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം അനുസരിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ സമയമെടുക്കാന്‍ സാധ്യതയുള്ളത് കൊണ്ട് നാളെ വധശിക്ഷയെന്ന നിയമംമാറ്റിയെന്നും അല്‍പദിവസം നീട്ടിവെച്ചുവെന്നുമുള്ള വിവരം അവര്‍ ഔദ്യോഗികമായി അയച്ചുതരികയുംചെയ്തു. അതുകൊണ്ട് ഇനി നമുക്ക് പ്രാര്‍ഥിക്കാം. നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കാം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ അതൊന്നും നമ്മുടെ അധീനതയില്‍പ്പെട്ടതല്ല. വിദേശത്ത് കൊല്ലപ്പെട്ട അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഇവിടെയുള്ളവര്‍ക്കോ ബന്ധപ്പെടാന്‍ സാധിക്കാത്ത ഒരവസ്ഥയായതുകൊണ്ട് ഈ കുറ്റത്തില്‍നിന്ന് പണം വാങ്ങി ഒഴിവാക്കണമെന്ന് ഞാന്‍ പറയുകയുണ്ടായി. പണം കൊടുക്കാനും മറ്റും ആരാണ് ഉണ്ടാവുക എന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അതിന് തയ്യാറാണെന്നും അദ്ദേഹം മുഖേന പലരുംകൊടുക്കാന്‍ തയ്യാറാണെന്നും അറിഞ്ഞു. ഇനി നിങ്ങളെല്ലാവരും പ്രാര്‍ഥിക്കുക. ഞങ്ങളും പ്രാര്‍ഥിക്കുന്നു. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെ. എന്തായാലും നാളത്തെ വധശിക്ഷ നീട്ടിവെച്ചു എന്നവിവരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്”, കാന്തപുരം പറഞ്ഞു.
.
ഇന്ത്യാ സര്‍ക്കാരിനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ശ്രമത്തിലാണെന്നും ഇതിന്റെ നിലയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. ദിയാധനമം എത്രതുകയാണെന്ന് ചോദിക്കേണ്ട ആള്‍ ഞാനല്ല. ഒരുമനുഷ്യന്‍ എന്ന നിലയ്ക്കാണ് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയെന്ന് മാത്രമേയുള്ളൂ. പൊതുവിഷയത്തില്‍ ഞങ്ങള്‍ ജാതിയും മതവും ഒന്നും നോക്കാറില്ല. അവിടത്തെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെയാണ് അറിയിച്ചത്. അവര്‍ പറഞ്ഞാല്‍ സ്വീകരിക്കുന്ന രാജ്യമാണ്. അവര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും ആലോചനകളും നടത്തുന്നുണ്ടാകും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.

 


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!