തെരുവോര കച്ചവടക്കാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: സൗദിയിൽ തെരുവോര കച്ചവടക്കാരുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് തെരുവ് കച്ചവടക്കാർക്കും വാഹന വ്യാപാരികൾക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മജീദ് അൽ ഹൊഗൈൽ മൊബൈൽ വെൻഡിങ് കാർട്ടുകൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പുതിയ മുനിസിപ്പൽ ചട്ടങ്ങൾ അംഗീകരിച്ചു.

ഇസ്തിത്‌ല പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ കച്ചവടം സ്ഥലങ്ങൾ നിയന്ത്രിക്കുന്നതും ഉൾപ്പെടുന്നു. പൊതു ചത്വരങ്ങൾ, പാർക്കുകൾ, പ്രശസ്തമായ മാർക്കറ്റുകൾ, തിരക്കേറിയ ഇടങ്ങൾ വാണിജ്യകേന്ദ്രങ്ങൾ, മുനിസിപ്പൽ ഇൻകുബേറ്ററുകൾ, സർക്കാർ, സ്വകാര്യ സൗകര്യങ്ങൾക്കുള്ളിലുമുള്ള വാണിജ്യ തെരുവുകളിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കാർട്ട് സ്റ്റോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വണ്ടികൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. രാത്രി 12ന് ശേഷം പ്രവർത്തനങ്ങൾ നിരോധിക്കും. ഈ വാഹനങ്ങളുടെ ഉടമകൾക്ക് 180 ദിവസത്തെ തിരുത്തൽ കാലയളവ് അനുവദിച്ചിട്ടുണ്ട്. കവലകൾ, ട്രാഫിക് ലൈറ്റുകൾ, പ്രധാന റോഡ് പ്രവേശന കവാടങ്ങളും എക്സിറ്റുകളും, പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് ഇടങ്ങൾ, വികലാംഗർക്കുള്ള പാർക്കിങ് സ്ഥലങ്ങൾ, മീഡിയനുകൾ, സൈക്കിൾ ലെയ്‌നുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം കച്ചവടം നടത്തുന്നതിന് അനുവാദമില്ല. ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതോ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ സ്ഥലങ്ങളിലും വിലക്കുണ്ട്.

മാലിന്യക്കൂമ്പാരങ്ങൾ, ഗ്യാസ്, പുക പുറന്തള്ളൽ, മലിനജല സ്ഥലങ്ങൾ തുടങ്ങിയ പരിസ്ഥിതി മലിനീകരണ സ്രോതസ്സുകൾക്ക് സമീപം പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അടിയന്തര എക്സിറ്റുകൾക്ക് മുന്നിലോ സൗകര്യങ്ങൾക്ക് സമീപമോ, ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപമോ പാർക്ക് ചെയ്യുന്നത് അനുവദനീയമല്ല. റസിഡൻഷ്യൽ പരിസരങ്ങൾക്കുള്ളിൽ പാർക്ക് ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.

24 മണിക്കൂർ പെർമിറ്റ് ഇല്ലെങ്കിൽ, പുലർച്ചെ 12മണിക്ക് ശേഷം എല്ലാ പ്രവർത്തനങ്ങളും നിരോധിക്കും. വാഹനങ്ങൾക്കുള്ളിൽ പുകവലി, ലൗഡ് സ്പീക്കറുകൾ, മൊബൈൽ എക്സ്റ്റേണൽ സ്പീക്കറുകൾ എന്നിവയും നിരോധിക്കും. പരിപാടികളിൽ പങ്കെടുക്കുന്ന വാഹനങ്ങൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവ ഈ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെടും. വണ്ടിക്ക് പുറത്ത് ഭക്ഷണം തയ്യാറാക്കുന്നത് നിരോധിച്ചിരിക്കുന്നു. പാചകത്തിന് കരി അല്ലെങ്കിൽ വിറക് ഉപയോഗിക്കുകയാണെങ്കിൽ, ഭക്ഷണമോ പാനീയങ്ങളോ പ്രത്യേക വണ്ടിയിൽ തയ്യാറാക്കണം.

വാഹന കച്ചവടക്കാർ പാലിക്കേണ്ട നിരവധി സാങ്കേതികവും നിയന്ത്രണപരവുമായി വേണ്ടുന്നതായ കാര്യങ്ങളും പുതിയ നിയമത്തിൽ വ്യക്തമാക്കി. സാധുവായ വാണിജ്യ ലൈസൻസ്, ഒരു മുനിസിപ്പൽ ലൈസൻസ്, ബിസിനസ് സ്ഥലത്തിനുള്ള പെർമിറ്റ് എന്നിവ നേടേണ്ടതായുണ്ട്. കൂടാതെ മൊബൈൽ കാർട്ട് ഉപയോഗിക്കുകയാണെങ്കിൽ മുനിസിപ്പൽ അംഗീകാരം നേടേണ്ടതായുണ്ട്. വിൽപന പോയിന്റിന്റെ മുൻവശത്ത് ലൈസൻസുകളുടെയും പ്രവർത്തനവുമായും ബന്ധപ്പെട്ട ആരോഗ്യ പെർമിറ്റുകളുടെയും ഡാറ്റ അടങ്ങിയ ഒരു ഇലക്ട്രോണിക് കോഡ് (QR) സ്ഥാപിക്കേണ്ടതുണ്ട്.

Share
error: Content is protected !!