വേദനാസംഹാരി ഗുളികകളുമായി കുടുംബസമേതം ഉംറക്കെത്തി; ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി

ജിദ്ദ: നിരോധിത മരുന്നുമായി ഉംറ തീർത്ഥാടനത്തിനെത്തി സൗദി അറേബ്യയിൽ അറസ്റ്റിലായ മലയാളി ജയിൽ മോചതിനായി. മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശി മുസ്തഫയാണ് നാലര മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായത്. കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മുസ്തഫയ്ക്ക്, അയൽവാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ മറ്റൊരാൾക്ക് നൽകാൻ കൊടുത്തുവിട്ട വേദനാസംഹാരി ഗുളികകളാണ് വിനയായത്.

കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉംറക്കായി കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ മുസ്തഫയെയും കുടുംബത്തെയും സംശയത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ  തടയുകയായിരുന്നു. വിശദമായ പരിശോധനയിൽ നിരോധിത മരുന്നാണ് ഇവർ കൊണ്ടുവന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.

കുറ്റം തെളിഞ്ഞതോടെ മുസ്തഫയ്ക്ക് നാലര മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചിരുന്നു. ഇവരെ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഒരു വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് മുസ്തഫയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്.

ഈ സംഭവം വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് മരുന്ന് പോലുള്ള വസ്തുക്കൾ കൈവശം വെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അറിവില്ലായ്മ മൂലം പോലും വലിയ നിയമക്കുരുക്കുകളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ അതത് രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഡോക്ടറുടെ കുറിപ്പടിയും മെഡിക്കൽ ഷോപ്പുകളിലെ ബില്ലും മാത്രം ഇത്തരം സാഹചര്യങ്ങളിൽ സഹായകരമാകില്ലെന്നും കോണ്സുലേറ്റിൻ്റെ അനുമതികൂടി അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു. (കടപ്പാട്: മീ്ഡിയവണ്)


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!