കേരളത്തിൽ കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് (ജൂലൈ 12, 2025) തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 13, 14 തീയതികളിലും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 15 വരെ ഈ സാഹചര്യം തുടരാം. കന്യാകുമാരി തീരത്ത് 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.


