വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽ
മുംബൈ: വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയതിന് പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽ
താനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിൽ ആണ് സംഭവം. ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്ന് വിദ്യാർഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ വനിതാ പ്രിൻസിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ട് ട്രസ്റ്റിമാർക്കും രണ്ട് അധ്യാപകർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥിനികളെ പ്രിൻസിപ്പൽ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ചത്. തുടർന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങൾ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചശേഷം ഇതിന് ഉത്തരവാദിയായ കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചു. കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ, നിലവിൽ ആർക്കൊക്കെയാണ് ആർത്തവം ഉള്ളതെന്ന് പ്രിൻസിപ്പൽ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനുശേഷം, പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉൾപ്പെടെയുള്ളവ പരിശോധിപ്പിക്കുകയുമായിരുന്നു.
വൈകുന്നേരം വീട്ടിലെത്തിയ വിദ്യാർഥിനികൾ ഈ വിചിത്രമായ പരിശോധനയെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചതോടെ പ്രതിഷേധവുമായി നിരവധി രക്ഷിതാക്കൾ സ്കൂളിലെത്തി. വിദ്യാർഥികൾക്ക് സന്മാർഗപാഠങ്ങൾ പകരേണ്ട സ്കൂൾ അധികൃതർ തന്നെ അവരെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും പോക്സോ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്.
സ്കൂളിൽ നടന്ന ഈ പരിശോധന വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് വിഷയം നിയമസഭയിലും ഉന്നയിച്ചു. എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ശുചിമുറിയിൽ ആവശ്യത്തിന് വെള്ളവും വൃത്തിയും ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ ജ്യോതി ഗായ്‌ക്‌വാഡ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി:


