പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ ലഭിക്കാനും പുതുക്കാനും ‘ഇജാറി’ൽ വാടക കരാർ രജിസ്റ്റർ ചെയ്യണം; മറ്റു പ്രധാന സർക്കാർ സേവനങ്ങൾക്കും ‘ഇജാർ’ നിർബന്ധം
റിയാദ്: സൗദി അറേബ്യയിൽ ‘ഇജാർ’ (Ejar) ഇലക്ട്രോണിക് നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്യാത്ത വാടകക്കരാറുകൾക്ക് ഭരണപരമോ നിയമപരമോ ആയ സാധുതയില്ലെന്ന് ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റിന് കീഴിലുള്ള ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഭവന വാടക വിപണിയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഒരു കക്ഷി കരാർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നത് പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ ഉൾപ്പെടെ, നെറ്റ് വർക്കിനുള്ളിൽ കരാർ അംഗീകരിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കേണ്ടത് നീതിന്യായ, ഭവന മന്ത്രാലയങ്ങളാണെന്ന് ഇജാർ അധികൃതർ വിശദീകരിച്ചു.
.
സർക്കാർ ഏജൻസികൾ വിവിധ സേവനങ്ങൾ നൽകുമ്പോൾ ഇജാർ നെറ്റ്വർക്ക് വഴി സാധുവായ വാടകക്കരാറുകൾ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇജാറിൽ രജിസ്റ്റർ ചെയ്ത വാടകക്കരാർ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഇജാർ പ്രവർത്തിക്കുന്നത്.
ഈ പുതിയ നിബന്ധന വാടകക്കരാറുകളുടെ സുതാര്യതയും നിയമസാധുതയും ഉറപ്പാക്കിക്കൊണ്ട് വാടക വിപണിയിൽ കൂടുതൽ വിശ്വാസം വളർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



