പാറമട അപകടം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി; മണ്ണുമാന്തി യന്ത്രത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ നിലയിൽ
കോന്നി: പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴയിൽ നിന്നെത്തിച്ച ലോങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് രാത്രി 7നു തുടങ്ങിയ തിരച്ചിലിനൊടുവില് രാത്രി എട്ടരയോടെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായി(38)യുടെ മൃതദേഹം ക്യാബിനിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യ സംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവരാണു വടത്തിൽ സാഹസികമായി താഴേക്കിറങ്ങി മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായി ഒഡീഷ കൺധമൽ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആദ്യദിവസം തന്നെ കണ്ടെത്തിയിരുന്നു.
.
കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ എന്നിവർ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്)യ്ക്കൊപ്പം അഗ്നിരക്ഷാ സേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സിലെ 20 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനു ചെലവാകുന്ന തുക ക്വാറി ഉടമയിൽനിന്ന് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇന്നു രാവിലെ ഏഴുമണിയോടെ പരിശോധന തുടങ്ങിയെങ്കിലും തുടർച്ചയായി പാറയിടിഞ്ഞു വീണതിനെ തുടർന്ന് അവസാനിപ്പിക്കേണ്ടി വന്നു. വലിയ ക്രെയിൻ അപകട സ്ഥലത്തേക്ക് എത്തിക്കാനും കഴിഞ്ഞില്ല.
കരുനാഗപ്പള്ളിയിൽ നിന്ന് ക്രെയിൻ എത്തിക്കാനുള്ള ആലോചനയും എറണാകുളത്തുനിന്ന് അയൺ റോപ് എത്തിക്കാനുള്ള ശ്രമവും പിന്നീട് ഉപേക്ഷിച്ചു. രക്ഷാപ്രവർത്തനം 24 മണിക്കൂറിലേറെയായി നീളുന്നതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണ് പാറയിടിച്ചിൽ ഉണ്ടായത്. മടയിൽ പണിയെടുത്തുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കാണ് കൂറ്റൻ പാറയുൾപ്പെടെ തകർന്നുവീണത്. ഇവിടെ നിന്ന് 40 അടിയിലധികം ഉയരത്തിൽ നിന്നാണ് പാറ ഇളകി വീണത്. ഈ തട്ടിന്റെ താഴത്തെ തട്ടിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മഹാദേബിന്റെ മൃതദേഹം മാറ്റിയതിനു ശേഷം അരമണിക്കൂറിനകം മുകളിൽ നിന്ന് ഇവിടേക്ക് പാറയിടിഞ്ഞു വീണ സംഭവമുണ്ടായി.
.
നാലുതട്ടായുള്ള പാറമടയിൽ രണ്ടാമത്തെ തട്ടിലാണ് തൊഴിലാളികൾ ജോലിചെയ്തിരുന്നത്. അജയ്കുമാർ റായ് ആയിരുന്നു യന്ത്രത്തിന്റെ ഓപ്പറേറ്റർ. മഹാദേവ് സഹായിയായിരുന്നു.
ഉച്ചയ്ക്ക് പാറപൊട്ടിച്ചതിന്റെ കല്ലുകൾ നീക്കുന്നതിനിടയിലാണ് മൂന്നാമത്തെ തട്ടിൽനിന്ന് വലിയ പാറ അടർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ മുകളിലേക്ക് വീണത്. ഇവിടെ തുടർച്ചയായി പാറ അടർന്നുവീഴുന്നതിനാൽ, മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മഹാദേവിന്റെ മൃതദേഹം ഒന്നാമത്തെ തട്ടിൽ കൂറ്റൻ പാറയ്ക്കടിയിൽനിന്നാണ് കണ്ടെത്തിയത്. സംഭവം നടന്നതിനുപിന്നാലെ അഗ്നിരക്ഷാസേന വന്നെങ്കിലും മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താനായില്ല. മൂന്നുമണിക്കൂറിനുശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



