കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവിൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് കാമുകനെ സഹായിച്ച് ഭാര്യ
നാഗ്പൂർ: കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് കൊല്ലപ്പെട്ടത്. മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടേയും ശ്രമം. എന്നാൽ, പരിശോധനയിൽ കൊലപാതമെന്ന് തെളിയുകയായിരുന്നു. (ചിത്രത്തിൽ പ്രതികൾ)
13 വർഷം മുമ്പാണ് ദിഷ രാംതെകെയും ചന്ദ്രസെൻ രാംതെകെയും വിവാഹിതരാകുന്നത്. മൂന്ന് കുട്ടികളും ഇവർക്കുണ്ട്. രണ്ടുവർഷം മുമ്പാണ് ചന്ദ്രസെൻ രാതെകെയ്ക്ക് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് ഇയാൾ കിടപ്പിലായിരുന്നു. കുടുംബം പോറ്റാനായി ഇയാളുടെ ഭാര്യ ദിഷ വെള്ളം നിറച്ച ക്യാനുകൾ വിൽക്കാനാരംഭിച്ചു. ഇതിനിടെ ഭാര്യയുടെ സ്വഭാവത്തിൽ ചന്ദ്രസെൻ രാംതെകെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
ഇതിനിടെയാണ് മെക്കാനിക്കായ രാജബാബു ടയർവാല എന്ന ആസിഫ് ഇസ്ലാം അൻസാരിയുമായി ദിഷ അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തേക്കുറിച്ച് ഭർത്താവ് ചന്ദ്രസെൻ രാംതെകെ അറിഞ്ഞതോടെ ഇരുവർക്കുമിടയിൽ വീണ്ടും തർക്കം ഉടലെടുത്തു. ഇതിനുപിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ദിഷ കാമുകനുമായി ചേർന്ന് പദ്ധതിയിട്ടത്.
വെള്ളിയാഴ്ച ചന്ദ്രസെൻ വീട്ടിൽ ഉറങ്ങുമ്പോൾ ദിഷ ആസിഫിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് തലയിണ ഉപയോഗിച്ച് ഭർത്താവിനെ കാമുകൻ ശ്വാസം മുട്ടിക്കുമ്പോൾ കൈകൾ കൂട്ടിപ്പിടിച്ച് ഭാര്യ കൊലപാതകത്തിന് കൂട്ടുനിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭർത്താവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും പരിശോധിച്ചപ്പോൾ മരിച്ചിരുന്നുവെന്നും പറഞ്ഞ്, സാധാരണ മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഭാര്യയുടെ ശ്രമം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കൂടുതൽ ചോദ്യംചെയ്തപ്പോൾ ക്രൂരകൃത്യത്തെക്കുറിച്ച് ഭാര്യ പോലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



