കാളികാവിലെ ആളെക്കൊല്ലി കടുവ പിടിയിൽ; കടുവയെ മാറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം, വെടിവെച്ച് കൊല്ലണമെന്നാവശ്യം – വിഡിയോ
മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിൽ കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടിൽ ആയത് 53 ആം ദിനം.
മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി തുടങ്ങിയതാണ് ദൗത്യം. മെയ് 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്.
സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കടുവ ഇത്രയും നാളായിട്ടും കെണിയിലായിരുന്നില്ല. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ ഉപയോഗിച്ചാണ് വനം വകുപ്പ് തെരച്ചിൽ നടത്തിയിരുന്നത്.
.
കടുവയെ പിടികൂടിയതിറിഞ്ഞ് നാട്ടുകാർ ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടുവയെ കാട്ടിലേക്ക് തുറന്ന് വിടുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. മാറ്റി പാർപ്പിക്കുന്നതിന് പകരം കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.
പിടിയിലായ കടുവയെ ഉൾവനങ്ങളിലേക്ക് തുറന്നുവിടരുതെന്നും, മൃഗശാലയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മുമ്പും ജനവാസ മേഖലയിൽ നിന്നും പിടികൂടിയ വന്യമൃഗങ്ങളെ ഉൾവനങ്ങളിലേക്ക് വിട്ടപ്പോൾ അവ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയ ചരിത്രമുണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 52 ദിവസത്തിലേറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ, കർഷകർക്ക് ജോലിക്കുപോകാൻ പോലും തടസ്സമായിരുന്നു. ഈ സാഹചര്യത്തിൽ കടുവയെ പിടികൂടിയപ്പോഴും പ്രതിഷേധം ശക്തമാവുകയായിരുന്നു. ജനക്കൂട്ടം വൈകാരികമായി പ്രക്ഷുബ്ധരായതിനാൽ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് ഏറെ പ്രയാസപ്പെട്ടു.
.
കൂട്ടിലായ കടുവയ്ക്ക് ക്ഷീണമുണ്ടെന്നും, ഇടതു കണ്ണിൽ കാര്യമായ പരിക്കുണ്ടെന്നും, നെറ്റിയിൽ നിന്ന് രക്തം വരുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയുടെ ആരോഗ്യനിലയെക്കുറിച്ചും അടിയന്തിര ചികിത്സയുടെ ആവശ്യകതയെക്കുറിച്ചും ആശങ്കയുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, കടുവയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണ്ണതകൾ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനും വനംവകുപ്പ് ശ്രമിച്ചുവരികയാണ്. എംഎൽഎ ഉൾപ്പെടെയുള്ള പ്രാദേശിക പ്രതിനിധികളുമായി അധികൃതർ ചർച്ച നടത്തി. കടുവയെ മൃഗശാലയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ചും പരിഗണനയിലുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. പ്രദേശത്തെ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



