കൊന്നതാണ്! ഭർത്താവ് കവിളിൽ കുത്തിപ്പിടിച്ച് വിഷം വായിലേക്ക് ഒഴിച്ചു: മരണക്കിടക്കയിൽ ജോർലിയുടെ നിർണായക മൊഴി
തൊടുപുഴ ∙ ഗാർഹിക പീഡനത്തെത്തുടർന്നു തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭർത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ 26ന് ആണു ജോർലിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്ട്രേട്ടിനും പൊലീസിനും ആശുപത്രിയിൽവച്ചു ജോർലി നൽകിയ മൊഴിയാണു നിർണായകമായത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണു ജോർലി മരിച്ചത്.
.
ജോർലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോൺ മകളുടെ മരണത്തിൽ പരാതി നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും ജോർലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോൺ ആദ്യം നൽകി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂർത്തിലൂടെയും ചെലവഴിച്ചു.
മകൾ അലീനയുടെ (14) സ്വർണാഭരണങ്ങളും മദ്യപാനത്തിനായി പ്രതി വിറ്റിറ്റുണ്ടെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ടോണി വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നെന്നും പൊലീസ് പറയുന്നു.
ആറുമാസം മുൻപു വാടകവീട്ടിലേക്കു താമസം മാറി. അവിടെയും ഉപദ്രവം തുടർന്നു. ഈ വീടിന് പിന്നിലെ ചായ്പിൽവെച്ചാണ് സംഭവം. നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളിൽ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോർളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്. വിഷം കുടിക്കാൻ ഭാര്യയെ നിർബന്ധിച്ചിരുന്നെന്നും കുടിച്ചില്ലെങ്കിൽ കുടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്നാണു ബലമായി വിഷം കൊടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം ടോണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്.
.
മുട്ടം എസ്എച്ച്ഒ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൈങ്ങോട്ടൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



