അച്ചടക്ക നടപടി മുന്നിൽ കാണുന്നു, വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്

തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി.  ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും.

സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് എനിക്കുള്ള സമ്മാനം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
.
സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഉദ്യോഗസ്ഥവൃന്ദത്തിനെതിരേയായിരുന്നു എഴുത്ത്. പക്ഷേ, അത് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തുറന്നുപറച്ചിലിന്റെ പേരില്‍ എന്ത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്നും അതില്‍ വിഷമമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവര്‍ത്തകരെല്ലാം തനിക്ക് അനുകൂലമായാണ് അന്വേഷണക്കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തത്. തന്നോട് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും രേഖാമൂലം എഴുതിനല്‍കുകയും ചെയ്തിട്ടുണ്ട്. അവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും താന്‍ സര്‍വീസിലില്ലെങ്കിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
.
പ്രശ്‌നങ്ങള്‍ പറയാന്‍ അവലംബിച്ച മാര്‍ഗം ശരിയായില്ലെന്നറിയാം. അതില്‍ തെറ്റുപറ്റി. പക്ഷേ, വേറെ മാര്‍ഗമില്ലായിരുന്നു. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതു മാത്രമായിരുന്നു പോസ്റ്റുകൊണ്ടുള്ള ഉദ്ദേശ്യം. മൂന്ന് ഫെയ്‌സ്ബുക് പോസ്റ്റിലും ആരോഗ്യവകുപ്പിനെയോ സര്‍ക്കാരിനെയോ കുറ്റംപറഞ്ഞ് ഒന്നുമെഴുതിയിട്ടില്ല. ബ്യൂറോക്രസിക്കെതിരേ മാത്രമാണ് എഴുതിയത്. അത് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുമെന്നും രോഗികള്‍ക്ക് അടിയന്തരമായ ചികിത്സയ്ക്ക് സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മാത്രമേ വിചാരിച്ചുള്ളൂ. പക്ഷേ, പോസ്റ്റ് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതിന്റെ സമ്മര്‍ദത്തിലായിരുന്നു.

ഇവ കൂടുതലായി ബാധിച്ചത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം എന്നീ മൂന്ന് വിഭാഗങ്ങളെയാണ്. ഇവര്‍ മൂന്നും എപ്പോഴും എന്റെ കൂടെനില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരാണ്. താന്‍ അപേക്ഷപോലും നല്‍കാതെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയുമാണ് തന്നെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുവന്നതും ഇവിടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തതും. അവര്‍ക്കെതിരേ ഈ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വേദനിച്ചു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായല്ല ഇത് പറയുന്നത്. വളരെ ആത്മാര്‍ഥമായി പറയുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


Share

 

Share
error: Content is protected !!