‘പിണറായിസ’ത്തെ തോൽപ്പിച്ചു, ബിജെപിയേയും പിന്നിലാക്കി; യുഡിഎഫിനും എൽഡിഫിനും കത്രികപൂട്ടിട്ട് അൻവർ

ന്റെ രാജി അനിവാര്യമാക്കിയ ഉപതിരഞ്ഞെടുപ്പില്‍ പ്രഖ്യാപിത രാഷ്ട്രീയലക്ഷ്യം നേടി പി.വി. അന്‍വര്‍. രാജിയിലൂടെ പിണറായി സര്‍ക്കാരിന്റെ ജനപ്രീതിയുടെ ലിറ്റ്മസ് ടെസ്റ്റിനാണ് നിലമ്പൂരില്‍ അന്‍വര്‍ നിലമൊരുക്കിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കണമെന്ന സന്ദേശം നിലമ്പൂരില്‍നിന്ന് രാഷ്ട്രീയകേരളത്തിന് നല്‍കാനായിരുന്നു തന്റെ രാജിയെന്നായിരുന്നു അന്‍വര്‍ പ്രഖ്യാപനം.
.
രാഷ്ട്രീയപ്പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പരാജയപ്പെടുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത് അന്‍വറിന്റെ ആത്യന്തികരാഷ്ട്രീയലക്ഷ്യമാണ്. ‘പിണറായിസ’ത്തിനെതിരായ പോരാട്ടത്തില്‍, പഴയപിണറായി പക്ഷത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ സിപിഎം സെക്രട്ടേറിയറ്റ് അംഗം തന്നെ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയസന്ദേശവുമാണ്. അതേസമയം, ഇരുമുന്നണികളേയും വെല്ലുവിളിച്ച് മത്സരിച്ച്, ഒരുസ്വതന്ത്രന് സാധ്യമായ മികച്ച പ്രകടനം കാഴ്ചവെച്ച അന്‍വറിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന ചോദ്യവും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ബാക്കിയാക്കുന്നുണ്ട്.
.
ഷൗക്കത്ത് നിലമ്പൂരില്‍ എം.എല്‍.എയാകുന്നത് തടയുക എന്ന ആത്യന്തിക ലക്ഷ്യം അന്‍വറിന് നേടാന്‍ സാധിച്ചില്ല. അന്‍വറിനെ ഒപ്പം കൂട്ടണമെന്ന ലീഗിന്റെയും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ ആവശ്യത്തിന് ഈ ഫലം ബലമേകും. രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇത് അടിവരയിടുന്നു. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നേനെ എന്നാണ് അദ്ദേഹം പറഞ്ഞത്‌.
.
യുഡിഎഫിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് സ്ഥാനത്യാഗംചെയ്ത അന്‍വര്‍ നാടയകീയതകള്‍ക്കൊടുവിലാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിക്കുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലം രണ്ടുതവണ എല്‍ഡിഎഫിന് വേണ്ടി പിടിച്ചെടുക്കാന്‍ അന്‍വറിനെ സഹായിച്ച അതേ കോണ്‍ഗ്രസ്- യുഡിഎഫ് വോട്ടുകള്‍ ഇത്തവണയും അദ്ദേഹം പിടിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. പൂര്‍ണ്ണമായല്ലെങ്കിലും, വോട്ടുകണക്കുകള്‍ ഇത് ശരിവെക്കുന്നുണ്ടെങ്കിലും ആത്യന്തികമായി എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണക്കാരനായി എന്നത് അന്‍വറിന്റെ രാഷ്ട്രീയവിജയം തന്നെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുകോര്‍ത്താണ് അന്‍വര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാമായിരുന്നെന്ന അന്‍വറിന്റെ അവകാശവാദം അദ്ദേഹം പിടിച്ചവോട്ടുകളിലൂടെ കൂടുതല്‍ സാധൂകരിക്കപ്പെടുകയാണ്.
.
2026-ലെ ഭരണമാറ്റത്തിന് മുന്നോടിയായി പിണറായിസത്തിനുമേലുള്ള അവസാന ആണിയാവും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. അതിന് യുഡിഎഫിന്റെ സ്ഥാനാര്‍ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കണമെന്നും അന്‍വര്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, വ്യക്തിപരമായും രാഷ്ട്രീയമായും വിയോജിപ്പുകളുള്ള ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് അന്‍വര്‍ യുഡിഎഫുമായി അകലുന്നത്.
.
മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ നിര്‍ദേശം. അതിനുപിന്നിലെ അന്‍വറിന്റെ ഗൂഢലക്ഷ്യമെന്തെന്ന് വ്യക്തമല്ലെങ്കിലും, വന്യജീവി ആക്രമണത്തിന്റെ പ്രത്യക്ഷ ഇരകളായ മലയോരജനതയെ- പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ- പ്രതിനിധീകരിക്കുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാവണം എന്നായിരുന്നു അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്. വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തിന് താത്പര്യക്കുറവുണ്ടെങ്കില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായ അബിന്‍ വര്‍ക്കിയെ എങ്കിലും കൊണ്ടുവരണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പിന്നീട് വെളിപ്പെടുത്തി.
.
മുന്‍കോണ്‍ഗ്രസുകാരനായ അന്‍വറിന് ഷൗക്കത്തുമായി കുടുംബപരമായി തന്നെ രാഷ്ട്രീയവൈരമുണ്ട്. സ്വതന്ത്രനായിത്തുടങ്ങി ഇടതുസ്വതന്ത്രനായി കറങ്ങിത്തിരിഞ്ഞ് യുഡിഎഫിന്റെ വാതിക്കല്‍തന്നെ വന്നുനിന്ന അന്‍വറിന്റെ രാഷ്ട്രീയയാത്രയില്‍ ആ വൈരത്തില്‍ കുറവൊന്നുമുണ്ടായില്ല. ഷൗക്കത്തിനെതിരേ പരസ്യമായി അന്‍വര്‍ രംഗത്തുവന്നതും ഇതുകൊണ്ടാവാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷവും അന്‍വര്‍ ഷൗക്കത്തിനെതിരേ പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നതാണ് യുഡിഎഫ് നേതൃത്വത്തെ, പ്രത്യേകിച്ച് ചെയര്‍മാന്‍ വി.ഡി. സതീശനെ പ്രകോപിപ്പിച്ചത്. അന്‍വര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഒപ്പംവന്നാല്‍ കൂടെക്കൂട്ടാം എന്നായിരുന്നു സതീശന്റെ നിലപാട്. സതീശന്‍ ചെയര്‍മാനായിരിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ സ്ഥാനാര്‍ഥിയായത്.
.
തൃണമൂല്‍ സ്ഥാനാര്‍ഥിയാവാനുള്ള പത്രിക തള്ളിയതോടെയാണ് അന്‍വര്‍ സ്വതന്ത്രനായി മത്സരത്തിനെത്തിയത്. സതീശനും പിണറായി വിജയനുംകൂടി തന്നെ കത്രികപ്പൂട്ടിട്ട് പൂട്ടാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ അന്‍വര്‍, കത്രിക തന്നെ തിരഞ്ഞെടുപ്പ് ചിഹ്നമായി ചോദിച്ചുവാങ്ങി. 75,000 വോട്ടുകള്‍ താന്‍ നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷവും വോട്ടെണ്ണല്‍ തലേന്നുവരേയും അന്‍വറിന്റെ അവകാശവാദം. അത് യാഥാര്‍ഥ്യമായില്ലെങ്കിലും വോട്ടെണ്ണിത്തുടങ്ങിയ ആദ്യറൗണ്ട് മുതല്‍ തന്നെ ഇരുമുന്നണികളേയും വിറപ്പിക്കാന്‍ അന്‍വറിന് സാധിച്ചു. ഏകപക്ഷീയമായി യുഡിഎഫ് പെട്ടിയില്‍ വീഴുമെന്ന് കരുതിയ ഭരണവിരുദ്ധവോട്ടുകള്‍ അന്‍വറും പങ്കിട്ടെടുത്തു. പലപഞ്ചായത്തുകളിലും യുഡിഎഫിന്റെ പ്രതീക്ഷിതവോട്ടുകളില്‍ കാര്യമായ കുറവുവരുത്താന്‍ അന്‍വറിന് സാധിച്ചത് വോട്ടെണ്ണലില്‍ ആകാംക്ഷ ഉയര്‍ത്തി.
.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി തുടങ്ങിയതാണ് പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച അന്‍വറിനെ, മുന്നണി സ്ഥാനാര്‍ഥിയെ വിട്ട് സിപിഎം രഹസ്യമായി പിന്തുണച്ചു. സിപിഐ സ്ഥാനാര്‍ഥിയെ നാലാമതാക്കി അന്‍വര്‍ രണ്ടാമതെത്തി. 2014-ല്‍ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ മത്സരിച്ച അന്‍വര്‍ 37,000-ത്തോളം വോട്ടുകള്‍ നേടി മുന്നണികളെ വീണ്ടും ഞെട്ടിച്ചു. തുടര്‍ന്നാണ് 2016-ല്‍, ആര്യാടന്‍ മുഹമ്മദ് മാറിനിന്ന തിരഞ്ഞെടുപ്പില്‍ അന്‍വര്‍ നിലമ്പൂരില്‍ ഷൗക്കത്തിനെതിരേ സ്ഥാനാര്‍ഥിയാവുന്നതും പിന്നീട് രണ്ടുതവണ വിജയിക്കുന്നതും.
.
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതുപോലെ പൂര്‍ണ്ണമായും യുഡിഎഫ് മണ്ഡലമല്ല നിലമ്പൂര്‍ എന്നാണ് കോണ്‍ഗ്രസ് നേതാവായ വി.ടി. ബല്‍റാംപോലും ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലപുനര്‍നിര്‍ണയത്തോടെ സ്വഭാവം മാറിയ നിലമ്പൂരില്‍, 2011-ല്‍ ആര്യാടന്‍ മുഹമ്മദ് വിജയിക്കുന്നത് കേവലം ആറായിരത്തിനടുത്ത് വോട്ടുകള്‍ക്കാണ്. 2016-ല്‍ ഷൗക്കത്തിനെ അന്‍വര്‍ തോല്‍പ്പിച്ചത് 11,000-ത്തിലേറെ വോട്ടുകള്‍ക്കും. 2021-ല്‍ അന്‍വറിനെ 2700-ന്റെ ഭൂരിപക്ഷത്തില്‍ ഒതുക്കാന്‍ സാധിച്ചതാണ് ഉപതിരഞ്ഞെടുപ്പിനിറങ്ങിയ യുഡിഎഫിന്റെ ആത്മവിശ്വാസം. എല്‍ഡിഎഫ് വിടാന്‍ അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങളും ഭരണവിരുദ്ധവികാരവും വോട്ടാവുന്നതോടെ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ വിലങ്ങുതടിയായത് സതീശന്റേയും അന്‍വറിന്റേയും പിടിവാശിയായിരുന്നു.
.
നേതൃത്വം ഇടപെട്ടിട്ടും അന്‍വറിനെ ഒപ്പംകൂട്ടുന്നതില്‍ വീഴ്ചവരുത്തിയ കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാന്‍ ലീഗിന് ലഭിച്ച നല്ലൊരുവടിയാണ് അന്‍വര്‍ പിടിച്ച, ഷൗക്കത്തിന്റെ ലീഡ് കുറച്ച വോട്ടുകള്‍. അത് ലീഗ് ഇനി എപ്പോള്‍, എങ്ങനെ ഉപയോഗിക്കുന്നു എന്നത് തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ്. സ്വരാജിലേക്ക് പോകാനിരുന്ന ഷൗക്കത്ത് വിരുദ്ധവോട്ടുകള്‍ അന്‍വര്‍ നേടിയേക്കാനുള്ള സാധ്യതയും പഞ്ചായത്തുകളിലെ വോട്ടുകണക്കുകളില്‍ വ്യക്തമാണ്. ഭൂരിപക്ഷം കുറച്ചിട്ടാണെങ്കിലും ഷൗക്കത്തിന്റെ ജയമുറപ്പിക്കാനും അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം വഴി സാധിച്ചു എന്നുവേണം കരുതാന്‍.
.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്ന നിലയില്‍ മാറിത്തീര്‍ന്ന കേരളരാഷ്ട്രീയത്തില്‍ ഒരുസ്വതന്ത്രസ്ഥാനാര്‍ഥി മൂന്നാമതെത്തുന്നത് അപൂര്‍വ്വമാണ്. ബിജെപി സ്ഥാനാര്‍ഥിയെ പിന്തള്ളിയാണ് അന്‍വര്‍ മൂന്നാമതെത്തുന്നത്. അന്‍വര്‍ പിടിച്ചതിന്റെ പകുതി വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചില്ലെന്നത് ശ്രദ്ധേയം. 2011-ല്‍ ആര്യാടന്‍ മുഹമ്മദ് വിജയിച്ച തിരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ടുകളായിരുന്നു ബിജെപി വിജയിച്ചത്. 2016-ല്‍ എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് മത്സരിച്ചപ്പോള്‍ വോട്ടുനില 12,000ത്തിലേക്ക് ഉയര്‍ന്നു. വീണ്ടും ബിജെപി സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ 8,500 വോട്ടുകളാണ് 2016-ല്‍ എന്‍ഡിഎ പിടിച്ചത്. മണ്ഡലത്തില്‍ എന്‍ഡിഎയുടെ പരമാവധി വോട്ടുകള്‍ 12 റൗണ്ട് എണ്ണിയപ്പോള്‍ തന്നെ അന്‍വര്‍ പിന്നിട്ടുവെന്നതും ശ്രദ്ധേയമാണ്. അന്‍വര്‍ ഉയര്‍ത്തിയ, കുടിയേറ്റ വിഭാഗത്തില്‍നിന്ന് ഒരുസ്ഥാനാര്‍ഥി എന്ന ആവശ്യം രാഷ്ട്രീയമായി നടപ്പാക്കിയത് എന്‍ഡിഎ ആണെന്നുകൂടെ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
.
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തന്നെ യുഡിഎഫിലേക്ക് എത്താനുള്ള ചര്‍ച്ചകള്‍ അന്‍വര്‍ തുടങ്ങി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പറവൂര്‍ അടക്കം തീരദേശമണ്ഡലങ്ങളിലും മലയോരമേഖലകളിലും മത്സരിക്കുമെന്നാണ് പി.വി. അന്‍വര്‍ കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയ സൂചന. ഇവിടങ്ങളില്‍ തനിച്ച് മത്സരിച്ച് 15% വോട്ടെങ്കിലും നേടിയാല്‍ കേരളത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയനീക്കങ്ങളെ പിന്തുണയ്ക്കാമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് മുന്നില്‍വെച്ച വാഗ്ദാനമെന്നും പറയപ്പെടുന്നു. നിലമ്പൂരില്‍ 40% മാത്രം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 10,000 വോട്ടുകള്‍ പിന്നിട്ടതിന് പിന്നാലെ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. താന്‍ പിടിച്ചത് യുഡിഎഫ് വോട്ടുകളാണെന്ന വിലയിരുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് അന്‍വര്‍ പറയുന്നു. പിണറായിസത്തിനെതിരായ വോട്ടുകളാണ് താന്‍ പിടിക്കുന്നതെന്നും അവകാശപ്പെടുന്ന അന്‍വര്‍ നല്‍കുന്ന രാഷ്ട്രീയസന്ദേശവും യുഡിഎഫിനുള്ളതാണ്. താന്‍ ഉന്നയിക്കുന്ന രാഷ്ട്രീയവിഷയങ്ങള്‍ അവഗണിച്ച് 2026-ല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അന്‍വര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.
.
അന്‍വര്‍ പിടിച്ച വോട്ടുകള്‍ എവിടെനിന്ന് എന്ന ചര്‍ച്ചകള്‍ വരുംദിവസങ്ങളിലും രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്യും. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധം ചര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറഞ്ഞവോട്ടുകള്‍ എവിടെപ്പോയെന്നത് ചോദ്യംചെയ്യപ്പെടും. ഭരണമാറ്റത്തെ നിര്‍ണയിക്കാത്ത ഉപതിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫിനെ എന്നും പിന്തുണച്ചിരുന്ന എ.പി. വിഭാഗം സമസ്തയുടെ വോട്ടുകളും അന്‍വറിനെ അനുകൂലമായോ എന്ന ചര്‍ച്ചയും നിലമ്പൂരിലെ ഫലത്തെത്തുടര്‍ന്ന് കേരളരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കും.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!