സൗദിയിൽ ബലിപെരുന്നാൾ നമസ്കാരവും ഖുതുബയും 15 മിനിറ്റിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം; സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം നമസ്കാരം ആരംഭിക്കും
റിയാദ്: സൗദി അറേബ്യയിൽ ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തുടനീളമുള്ള പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം നമസ്കാരം ആരംഭിക്കുമെന്നും, ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് ഓരോ സ്ഥലങ്ങളിലെയും സമയം പാലിക്കണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
.
മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച്, ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും (പ്രഭാഷണം) കൂടി 15 മിനിറ്റാണ് ആകെ ദൈർഘ്യം നിശ്ചയിച്ചിരിക്കുന്നത്. ഇത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എല്ലാ പള്ളികളിലെയും ഇമാമുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
.
മതകാര്യ വകുപ്പിന് കീഴിൽ രാജ്യത്തുള്ള 15,948 പള്ളികളും 3,939 ഈദ്ഗാഹുകളും ആണ് ബലിപെരുന്നാൾ നമസ്കാരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം നമസ്കാരത്തിനായി ഇസ്ലാമിക കാര്യ മന്ത്രാലയം സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ആളുകൾ പതിവായി വരാത്ത ചില പള്ളികളെ ഈദ് നമസ്കാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
.
കൂടാതെ, പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ എല്ലാ പള്ളികളിലും ജുമുഅ നമസ്കാരവും ഖുതുബയും പതിവുപോലെ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെയും പരിഗണിച്ചാണ് ഈ നിർദ്ദേശം. പെരുന്നാൾ പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങളും സൗദി അറേബ്യയിലെങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


