സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അൻവർ; ദേശീയ നേതൃത്വം പാർട്ടി ചിഹ്നം അനുവദിച്ചു, തിങ്കളാഴ്ച പത്രിക സമർപ്പിക്കും
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈയിലാണ്. മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
.
മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കാറ്റ് വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്.
.
‘ഇപ്പോൾ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്. 2026-ലെ തിരഞ്ഞെടുപ്പ് വരേ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനം. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു.എന്റെ കൂടെ വരാൻ ഒരാളുമില്ല’- അൻവർ പറഞ്ഞു.
.
താൻ അല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർത്ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
.
വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. ആദ്യം പണമില്ലെന്ന് പറഞ്ഞ അൻവർ, പിന്നീട് ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകളെത്തുവെന്നും തുറന്ന് പറഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായും അറിയിച്ചു. യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്.
.
നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തിൽ വാത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മാധ്യമങ്ങളെ കണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അൻവർ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.