മഴ ശക്തം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി, പരീക്ഷകൾക്ക് മാറ്റമില്ല
കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
.
കാസർകോട്
ജില്ലയിൽ നാളെ പ്രഫഷനൽ കോളജുകൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മേയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല. ഈ ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്.
.
ഇടുക്കി
ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യുഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ വി.വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.
.
എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യുഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
.
പത്തനംതിട്ട
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 29 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
.
വയനാട്
ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യുഷൻ സെൻ്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക