സൗദിയിൽ `ഹുറൂബ്’ കേസിൽ കുടുങ്ങിയ പ്രവാസികൾക്ക് പൊതുമാപ്പ്; പദവി ശരിയാക്കാൻ ഇപ്പോൾ അവസരം
റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച് പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാൻ അവസരം. ചൊവ്വാഴ്ച (മെയ് 27) മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. നേരത്തെ ഗാർഹിക തൊഴിലാളികൾക്ക് മാത്രം ലഭിച്ചിരുന്ന ഇളവാണ് രാജത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും ബാധകമാക്കിയത്. ആറുമാസത്തേക്കാണ് ഇളവ്.
.
ഹുറൂബ് മാറ്റാൻ ഇളവ് അനുവദിച്ച വിവരം എസ്എംഎസായി തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍നിന്ന് നിലവിൽ ഈ പ്രശ്നം നേരിടുന്നവർക്ക് ചൊവ്വാഴ്ച മുതൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ തൊഴിലുടമയിലേക്ക് ജോലി മാറുന്നതോടെ ഹുറൂബ് പ്രശ്നം ഇല്ലാതാവുകയും ഇഖാമ പുതുക്കാന്‍ കഴിയുകയും ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടുമാസത്തേക്ക് സമാനമായ ഇളവ് അനുവദിച്ചിരുന്നു. ജനുവരിയിൽ അതിന്റെ കാലാവധി കഴിഞ്ഞു. കഴിഞ്ഞ മാസം ഹുറൂബ് പ്രശ്നമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഈ ഇളവ് പ്രഖ്യാപിച്ചു. ആറ് മാസത്തേക്കായിരുന്നു അത്. അതാണ് ഇപ്പോൾ എല്ലാ വിഭാഗം തൊഴിലാളികൾക്കുമായി വിപുലീകരിച്ചത്.
.
തൊഴിലുടമ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ റദ്ദാക്കി 60 ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ ചെയ്യണമെന്നതാണ് തൊഴില്‍ നിയമം. തൊഴിലാളികളെ നേരിട്ട് ഹുറൂബ് ആക്കാന്‍ ഇപ്പോള്‍ സംവിധാനങ്ങളില്ല. പകരം ഖിവ പ്ലാറ്റ്‌ഫോമിലെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്യുകയാണ് രീതി. കാന്‍സല്‍ ചെയ്താല്‍ 60 ദിവസമാണ് ഗ്രേസ് പിരിയഡ്. പിന്നീട് ഹുറൂബാകും.
.
ഹുറൂബ് പരാതികള്‍ വ്യാപകമായതോടെയാണ് തൊഴില്‍ മന്ത്രാലയം എല്ലാവര്‍ക്കും 60 ദിവസത്തെ സാവകാശം നല്‍കിയത്. എന്നിട്ടും പലര്‍ക്കും അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും ഇക്കാലയളവിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കാതെ വരുന്നു. 60 ദിവസത്തിന് ശേഷം ഹുറൂബാവുന്നതോടെ ഇഖാമ പുതുക്കാനോ റീ എന്‍ട്രിയില്‍ നാട്ടില്‍ പോകാനോ സാധിക്കില്ല. തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം ഹുറൂബ് ആയവര്‍ നിരവധി പേരുണ്ട് ഇവിടെ. പുതിയ ആനുകൂല്യം എല്ലാവര്‍ക്കും ആശ്വാസമാണ്. ആനുകൂല്യം ഹുറൂബ് ആയവര്‍ ഉപയോഗപ്പെടുത്തണമെന്ന് ഖിവ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക