നിലപാട് കടുപ്പിച്ച് അൻവർ: ‘ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ഥിയായി,സതീശനെ പറ്റിച്ചതാര്, എല്ലാം തുറന്ന് പറയും’ – അന്‍വര്‍
നിലമ്പൂര്‍: യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. ഷൗക്കത്ത് എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ഥി ആയി എന്നതും വി.ഡി.സതീശനെ കുഴിയില്‍ ചാടിച്ചവരെ കുറിച്ചെല്ലാം ആ ഘട്ടത്തില്‍ താന്‍ തുറന്ന് പറയുമെന്നും അന്‍വര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ലക്ഷ്യത്തിന് അതൊന്നും തടസ്സമേയല്ല. അത് മറ്റൊരു വിഷയമാണ്. അതുവേണമെങ്കില്‍ തുറന്നു പറയുമെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാം ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ തുറന്ന് പറച്ചില്‍ നടത്തുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
.
കെ.സുധാകരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. കോഴിക്കോട് ഡിസിസി നേതൃത്വം ബന്ധപ്പെടുന്നുണ്ട്. ലീഗ് നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍ സാധിക്കും. പി.വി.അന്‍വര്‍ നഗ്നനായി നടക്കുകയാണ്. അഴിച്ചുവെച്ച മുണ്ടും ഷര്‍ട്ടും ധരിക്കണം. മറ്റു മാന്യതകളൊന്നും പ്രതീക്ഷിക്കുന്നില്ല. കെ.സി.വേണുഗോപാലില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. അദ്ദേഹവുമായി വിഷയത്തില്‍ ഇതുവരെ സംസാരിച്ചിട്ടില്ല.
.
അന്‍വറിനെ സഹകരിപ്പിക്കുന്ന സംബന്ധിച്ച് സതീശനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അക്കാര്യം പ്രഖ്യാപിക്കുന്നില്ല. സതീശനുമായി എനിക്ക് രാഷ്ട്രീയ ബന്ധം കുറവാണ്. കൂട്ടത്തില്‍ കൂട്ടാനേ പറ്റാത്ത ചൊറിയും ചൊരങ്ങും പിടിച്ച ഒരുത്തനാണോ ഞാന്‍ എന്ന് കെ.സി.വേണുഗോപാലിനോട് ചോദിക്കും.
.
‘ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ഥി ആയി എന്നും എന്തുകൊണ്ട് സ്ഥാനാര്‍ഥി ആയി എന്നും അന്‍വറിനെ എന്തുകൊണ്ട് സതീശന്‍ പ്രഖ്യാപിക്കാത്തത് എന്നും എനിക്കറിയാം. ഞാനിപ്പോള്‍ പറഞ്ഞ് കുളംകലക്കുന്നില്ല. വസ്തുതകള്‍വെച്ച് സംസാരിക്കും കേരളത്തിലെ ജനങ്ങളോട്. കേരളത്തിലെ വലിയൊരു വിഭാഗം ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ പട്ടിണിക്കിടന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്തുകൊണ്ട് ഷൗക്കത്ത് സ്ഥാനാര്‍ഥിയാകാന്‍ പാടില്ലെന്ന് പറഞ്ഞതെന്ന് പറയേണ്ട ഘട്ടത്തില്‍ വിശദീകരിക്കും. സതീശനെ ആരാണ് പറ്റിച്ചതെന്നും എങ്ങനെ പറ്റിച്ചതെന്നും പറയും. പ്രതിപക്ഷ നേതാവ് മാത്രമല്ല ഇതില്‍ കുറ്റക്കാരന്‍. അദ്ദേഹത്തെ ഈ കുഴിയില്‍ ചാടിച്ച ഒന്നുരണ്ട് ആളുകളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും’ അന്‍വര്‍ പറഞ്ഞു.
.
‘‘പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് ഫലം വരുന്ന രീതിയിലാകണം കാര്യങ്ങൾ ചെയ്യേണ്ടത്. സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, അതിനു സമ്മതിച്ചു. സഹകരണ മുന്നണിയെന്ന് പറഞ്ഞാൽ ബസിൽ ക്ലീനറുടെ കൂടെനിന്നു പോകുന്ന പോലെയാണ്. അതു മതി, പ്രശ്നമില്ല. നമ്മൾ ഒരു ചെറിയ പാർട്ടിയല്ലേ. അതിനും സമ്മതിച്ചു. അതെങ്കിലും പൊതുസമൂഹത്തോട് പറയേണ്ടേ. ഇന്നലെയും പറഞ്ഞത് അന്‍വർ വ്യക്തമാക്കട്ടെ എന്നാണ്. ഇതിൽ കൂടുതൽ എന്താണ് വ്യക്തമാക്കേണ്ടത്. എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്. എന്റെ മുഖത്തേയ്ക്ക് ചെളി വാരിയെറിയുകയാണ്. ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്ത് തെറ്റാണ് ഞാൻ ചെയ്തത്. അതുകൂടി ഒന്ന് വിശദീകരിക്കേണ്ടേ. കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ല. ഞാൻ കാലുപിടിച്ചത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണ്. എനിക്ക് ഒരു അധികാരവും വേണ്ട. കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം. ഉയർന്ന് പീഠത്തിൽ ഇരിക്കാൻ ആഗ്രഹമുള്ളവരുണ്ടാകും. ആ പീഠത്തിന് ചവിട്ട് കൊടുത്തിട്ട് ഇറങ്ങിപ്പോന്ന ആളാണ് ഞാൻ’’– അൻവർ പറഞ്ഞു.
.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ലെന്ന് അൻവർ പറഞ്ഞു. സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് ബിരിയാണി വച്ചു നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായാണ് അദ്ദേഹം സിപിമ്മിൽ ചേർന്നതെന്ന് അൻവർ പറഞ്ഞു. വയനാട് ലോക്സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്.
.
‘യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം.ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഏൽപ്പിച്ചതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല.
.
പലതവണ വി.ഡി.സതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഈ മാസം 15ന് എറണാകുളത്തുള്ള ഒരു സുഹൃത്തു വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ വച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം പിരിയുമ്പോൾ നാളെ അല്ലെങ്കിൽ മറ്റന്നാൽ ഇക്കാര്യങ്ങൾ വാർത്താസമ്മേളനം വിളിച്ചു പറയുമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പത്രക്കുറിപ്പ് കൊടുത്താലും മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ നേരിട്ട് തന്നെ വിശദീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ഒരു വിവരവുമില്ല.
ഇതിനിടയിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. കോൺഗ്രസ് നേതൃത്വവുമായും ചർച്ചയ്ക്ക് ശ്രമിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമാണ് ഒപ്പമുണ്ടെന്ന് അറിയിച്ചത്’’– അൻവർ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക