രണ്ടുദിവസത്തിനകം യുഡിഎഫിലെടുക്കണം, ഇല്ലെങ്കിൽ അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍; ഭീഷണിക്ക് വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുന്ന തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്.
.
ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. അഞ്ചുമാസത്തിലേറെയായി മുന്നണി പ്രവേശനത്തിനായി കത്തു നല്‍കിയിട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
.
മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് നേതാക്കള്‍ പറയുന്നു. ഇന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ സമയത്താണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.
.
അതേസമയം തൃണമൂലിന്റെ ഭീഷണിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. പിണറായിസത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ആരാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ ആരോപണം ഉന്നയിച്ച അന്‍വറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അന്‍വറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.
.
ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിൻ്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മുസ്‌ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ശമുണ്ടായിട്ടുണ്ട്. ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്ലാ ധാരണയും കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സ്ഥാനാര്‍ത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം. നേരത്തെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ എന്തിനാണ് നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതെന്ന ചോദ്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!