നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്

ന്യൂഡൽഹി: ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി. നേരത്തെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചിരുന്നു.
.
നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്.
.
മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
.

ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ നിലമ്പൂരിൽ പി വി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ആര്യാടൻ ഷൗക്കത്തിനെ വീണ്ടും നിലമ്പൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്.
.
എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവ‍ർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് വി എസ് ജോയ് സ്ഥാനാ‍ർത്ഥിയായി വരുന്നത് കോൺ​ഗ്രസിൻ്റെ വിജയസാധ്യത കൂട്ടുമെന്നും അൻവ‍ർ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ പി വി അൻവർ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
.

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ നിലമ്പൂരിൽ നിന്ന് അൻവർ മത്സരിക്കുമെന്ന് റിപ്പോർട്ടറുകളുണ്ടായിരുന്നു. കോൺ​ഗ്രസ് പൂ‍‌‍ർണ്ണമായും അ​വ​ഗണിച്ചതോടെയാണ് അൻവ‍ർ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. കോൺ​ഗ്രസിൻ്റെ സ്ഥാനാ‍ർ‌ത്ഥി പ്രഖ്യാപനം നടത്തുന്നതിനൊപ്പം മുന്നണി പ്രവേശനവും പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺ​ഗ്രസ് നേതൃത്വം നിരാകരിച്ചതാണ് അൻവറിനെ പ്രകോപിച്ചത്. ഇതിനിടെ നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവറിന് തൃണമൂൽ കോൺ​ഗ്രസ് അനുമതി നൽകിയിട്ടുണ്ട്. മത്സരിക്കണമോ വേണ്ടയോ എന്ന് അൻവറിന് തീരുമാനിക്കാം എന്നാണ് തൃണമൂൽ ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.
.

പി വി അൻവർ കൂടെയുള്ളത് ഗുണകരമാകുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. അൻവർ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും മുന്നണിയുടെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പ്രതികരിച്ചത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് പി വി അൻവർ ആദ്യം പറഞ്ഞ നിലപാട് പിന്നീട് മാറ്റിയിരുന്നെന്നും സ്ഥാനാർഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് അൻവർ പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തിരുന്നു. പി വി അൻവറിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കില്ല സ്ഥാനാർത്ഥി നിർണ്ണയമെന്ന് ഇന്നലെ യുഡിഎഫ് കൺവീന‍‍ർ അടൂ‍ർ പ്രകാശും പറഞ്ഞിരുന്നു. അൻവറുമായി ആശയവിനിമയം മാത്രം നടത്തുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
.
പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂണ്‍ 19ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!