അൻവറിന് വഴങ്ങില്ല; ഷൗക്കത്ത് തന്നെ സ്ഥാനാർഥിയായേക്കും, കൊച്ചിയിൽ നിർണായകയോഗം, പ്രഖ്യാപനം ഉടൻ
കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കേ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലിലാണ് യോഗം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ നേരത്തേ ഹോട്ടലിലെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ എതിർപ്പുകളെ മറികടന്ന് ആര്യാടൻ ഷൗക്കത്ത് തന്നെ സ്ഥാനാർഥിയാവാനാണ് സാധ്യത. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുമെന്നാണ് വിവരം.
.
നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അൻവർ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയിൽ നിർണായക യോഗം ചെർന്നത്.
.
ഇതിനിടെ പി.വി. അന്‍വര്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രംഗത്തുവന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ രഹസ്യയോഗമെന്നതും ശ്രദ്ധേയമാണ്.
.
അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനാണ് അന്‍വറിന്റെ ശ്രമം. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതും പരിഗണിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഒരു സമവായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്ന ഘട്ടത്തില്‍ അന്‍വര്‍ കൂടി ഇങ്ങനെ ഇടഞ്ഞുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശങ്കയും വെല്ലുവിളിയുമുയർത്തുന്നു.
.
ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.
.
ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക