സംസ്ഥാനത്ത് മഴ അതിശക്തം, കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 6 മരണം, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും വൈദ്യുതക്കമ്പികള്‍ പൊട്ടിവീണത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കറ്റാണ് മൂന്നുമരണമുണ്ടായത്.
.
കോട്ടയം ചുങ്കത്ത് ഓട്ടോറിക്ഷകൾക്ക് മുകളിലേക്ക് മരം വീണു. രാവിലെ 10 മണിയോടെയാണ് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ മാവ് റോഡിലേക്ക് കാറ്റിൽ ഒടിഞ്ഞു വീണത്. രണ്ട് ഓട്ടോ റിക്ഷകൾ തകർന്നു . കോട്ടയം മണിമല ആറ്റിൽ ജലനിരപ്പ് ഉയർന്നു. പൂവത്തോലി മലയ്ക്ക് സമീപം പ്രവർത്തിക്കുന്ന തോംസൺ ഗ്രൂപ്പിന്റെ പാറമടക്ക് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണു.
.
മലയോരത്ത് മഴ ശക്തി പ്രാപിച്ചതോടെ വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളിൽ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ച പന്നിയേരി ഉന്നതിയിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി.
.
കോട്ടയം പനമ്പാലത്ത്  വീടിൻ്റെ  മതിൽ ഇടിഞ്ഞു വീണു. പ്ലാത്തോടത്തിൽ രവീന്ദ്രൻ്റെ വീടിന്റെ മതിലാണ് ഇടിഞ്ഞു വീണത്. വീടിനും കേടുപാട് പറ്റി. ഇടവിട്ടുപെയ്ത മഴയിൽ കൊല്ലം ജില്ലയിൽ 24 വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. തിങ്കളാഴ്ചവരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട് സർവീസുകൾ മഴയെത്തുടർന്ന് റദ്ദാക്കി.
.
പാലക്കാട് ആയക്കാട് വാരുകുന്നിൽ മരം വീണ് വീട് തകർന്ന് വയോധികയ്ക്ക് ഗുരുതരപരിക്ക്. മകനും കുടുംബത്തിനും പരിക്കേറ്റു. വടക്കഞ്ചേരി വാരുകുന്ന് മണികണ്ഠന്റെ വീടാണ് തകർന്നത്. മണികണ്ഠന്റെ അമ്മ പാറുവിനാണ് (85) ഗുരുതരമായി പരിക്കേറ്റത്.
.
അട്ടപ്പാടിയിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ വീട് തകർന്ന് യുവാക്കൾക്ക് പരിക്ക്. അട്ടപ്പാടിയിൽ ഭാവനി, ശിരുവാണി പുഴകൾ കരകവിഞ്ഞു. അട്ടപ്പാടിയിൽ ഞായറാഴ്ച പുലർച്ചെ ആറുമണിക്ക് വൈദ്യുതി നിലച്ചു. ഉച്ചയ്ക്ക് 12 മണിയോടെ അഗളിയിലും സമീപപ്രദേശങ്ങളിലും പുനഃസ്ഥാപിച്ചു. ഉൾപ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും തകരാറിലായി. അട്ടപ്പാടിയിൽ രണ്ട് ദിവസമായി തുടരുന്ന മഴയിൽ വ്യാപക കൃഷിനാശമാണുണ്ടായിട്ടുള്ളത്.
.
അതിതീവ്രമഴ (റെഡ് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിൽനിന്ന് സൈരന്ധ്രിയിലേക്കുള്ള സഫാരി തിങ്കളാഴ്ച ഉണ്ടായിരിക്കില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി സൈലന്റ് വാലി മേഖലയിൽ ശക്തമായ മഴയാണ്. നീലഗിരി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഊട്ടിയിലെ സസ്യോദ്യാനം ഉൾപ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങൾ ഞായറാഴ്ച അടച്ചു. തിങ്കളാഴ്ചയും അടച്ചിടും. ഞായറാഴ്ച രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണ്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!