അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന് വന്ന കപ്പൽ; ജീവനക്കാർക്കായി രക്ഷാപ്രവർത്തനം, ജാഗ്രതാനിർദേശം

കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. ഇതിലുണ്ടായിരുന്ന മറൈന്‍ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ലൈബീരിയന്‍ ഫ്‌ളാഗുള്ള എം.എസ്.സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ചരിയുകയായിരുന്നുവെന്നാണ് വിവരം. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാര്‍ ഇപ്പോഴും കപ്പലിലുണ്ട്.
.
വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ കൊച്ചി തുറമുഖത്ത്‌ കുറച്ച് ചരക്കുകള്‍ ഇറക്കിയ ശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡും നേവിയും രംഗത്തുണ്ട്. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് ഒമ്പതു ജീവനക്കാര്‍ രക്ഷപ്പെട്ടത്.

കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയാസ്പദകരമായ വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ 112ലോ വിളിച്ച് വിവരം അറിയിക്കണം.
.
കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വടക്കന്‍ കേരള തീരത്താണ് ഈ കണ്ടെയ്നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. ആറ് മുതല്‍ എട്ട് കണ്ടെയ്‌നറുകളാണ് കടലില്‍ വീണതെന്നാണ് പ്രാഥമിക വിവരം.
.
കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന്‍റെ ഒരു വശം പൂര്‍ണമായും ചെരിഞ്ഞുകിടക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ നിലവിൽ മുങ്ങിത്താഴ്ന്നില്ലെന്നും സ്ഥിരതയോടെയാണ് നിൽക്കുന്നതെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.
.
കപ്പലിൽ 20 ഫിലിപ്പൈൻ പൗരൻമാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയൻ പൗരനും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് ഉണ്ടായിരുന്നത്. വിവിധ തരത്തിലുള്ള ചരക്കുകളാണ് കണ്ടെയ്നറുകളിലുള്ളത്. ഇതിൽ ചിലത് അപകടകരമായ ഇന്ധനമടക്കം ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റുകാർഡിന്‍റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്കിട്ടു നൽകിയാണ് രക്ഷാപ്രവര്‍ത്തനം.
.
കപ്പലില്‍നിന്ന് ഉൾക്കടലിലേക്ക് ആറു മുതൽ എട്ട് കണ്ടെയ്‌നറുകൾ വീണതായാണ് വിവരം. വടക്കൻ കേരളത്തിന്റെ തീരത്തേക്ക് വരാനാണ് സാധ്യത കൂടുതലുള്ളത്. അങ്ങനെ വന്നാൽ ആരും അതിൽ സ്പർശിക്കരുത്. അതിനടുത്തേക്ക് പോകുകയും ചെയ്യരുത്. 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക. മലിനീകരണ നിയന്ത്രണ ബോർഡും പോലീസും കോസ്റ്റ് ​ഗാർഡും ആവശ്യമായ നടപടി സ്വീകരിക്കും. ഇത് എന്ത് തരത്തിലാണ് മനുഷ്യന് അപകടകരമാവുമെന്ന് ഇപ്പോൾ അറിയില്ല. തീരം നിരീക്ഷിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലായിടത്തും സംവിധാനങ്ങൾ എത്താൻ സാധ്യതയില്ലാത്തതിനാലാണ് പൊതുസമൂഹത്തോടും പറയുന്നതെന്നും ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!