ഉണ്ണി ബാലകൃഷ്ണന്‍‌ റിപ്പോർട്ടർ ടിവി വിട്ടു: ഇനി ഏഷ്യാനെറ്റ് ന്യൂസിലേക്ക്

മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍‌ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക്. റിപ്പോർട്ടർ ടിവിയില്‍ ഡിജിറ്റല്‍ ഹെഡ് പദവിയിലിരിക്കേയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലേക്കായിരിക്കും അദ്ദേഹം നിയമിക്കപ്പെടുകയെന്നാണ് റിപ്പോർട്ട്.
.
1969 ല്‍ ആലപ്പുഴയില്‍ ജനിച്ച ഉണ്ണി ബാലകൃഷ്ണന്‍ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായിട്ടാണ് പത്രപ്രവർത്തക ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് രണ്ട് വർഷങ്ങള്‍ക്ക് ശേഷം 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തെ തന്റെ കരിയർ ആരംഭിച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ 2011 വരെ പന്ത്രണ്ടു വർഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
.
ഡല്‍ഹിയില്‍ ഏഷ്യാനെറ്റിന്റെ ബ്യൂറോ ചീഫ്, റീജിയണൽ എഡിറ്റർ തുടങ്ങിയ സുപ്രധാന തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. വാജ്‌പേയി സർക്കാറിന്റെയും ഒന്നാം യുപിഎ സർക്കാറിന്റെയും ഭരണകാലത്ത് രാജ്യതലസ്ഥാനത്ത് നിന്നും അദ്ദേഹം ചെയ്ത റിപ്പോർട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കാർഗിൽ യുദ്ധം, കാണ്ഡഹാർ വിമാന ഹൈജാക്ക്, ദില്ലി ബോംബ് സ്ഫോടനങ്ങൾ, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ നിർണായക സംഭവങ്ങൾ അദ്ദേഹം ദില്ലിയിൽനിന്ന് റിപ്പോർട്ട് ചെയ്തു.
.
2002-ൽ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം ഇസ്ലാമാബാദ് സന്ദർശിച്ച മാധ്യമസംഘത്തിലും 2005-ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം അമേരിക്ക സന്ദർശിച്ച സംഘത്തിലും അംഗമായിരുന്നു. ഐക്യരാഷ്ട്രസഭാ സമ്മേളനം, ഇന്ത്യ-ഫ്രാൻസ് ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

2012-ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. ഇടക്കാലത്ത് ഓണ്‍ലൈന്‍ മീഡിയ രംഗത്ത് സജീവമായെങ്കിലും പിന്നീട് റിപ്പോർട്ടർ ടിവിയുടെ ഭാഗമായി മുഖ്യധാര മാധ്യമരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
.
2014-ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2016-ലെ സംസ്ഥാന മാധ്യമ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഉണ്ണി ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടു കൂടി മുൻകൂട്ടി പ്രവചിച്ചതിലൂടെയും ഉണ്ണി ബാലകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 240 സീറ്റിലേക്ക് ബി ജെ പി ഒതുങ്ങുമെന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ പ്രവചനം. അദ്ദേഹത്തിന്റെ പ്രവചനം പോലെ കൃത്യം 240 സീറ്റായിരുന്നു ബി ജെ പിക്ക് കേന്ദ്രത്തില്‍ ലഭിച്ചത്.
.
നിരവധി ആനുകാലികങ്ങളിൽ ചെറുകഥകളും സാമൂഹിക – സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രായമാകുന്നില്ല ഞാൻ, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ് തുടങ്ങിയവയാണ് പ്രധാന രചനകള്‍.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!