പാലക്കാട്ട് വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; പൊലീസ് ലാത്തി വീശി, നിരവധി പേർക്ക് പരിക്ക്, പലരും കുഴഞ്ഞുവീണു
പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
.
പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്. ആയിരക്കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. ആളുകൾ സുരക്ഷാ ക്രമീകരണത്തിനായി ഒരുക്കിയ ബാരിക്കേഡുകൾ മറികടന്ന് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു സംഗീത പരിപാടി. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്.
.
മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.