പിടിയിലായത് കേസ് ഒത്തുതീർപ്പാക്കുന്നതിലെ മുഖ്യകണ്ണി, ഇ.ഡിയെ കുരുക്കി വിജിലൻസ്; കേസിൽ കൂടുതൽപേർ കുടുങ്ങും
കൊച്ചി: കേസ് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിലായ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറുമായി പ്രതികൾക്ക് അടുത്ത ബന്ധമെന്ന് വിജിലൻസ്. അറസ്റ്റിലായ രണ്ട് പേരും കേസ് ഒത്തുതീർപ്പാക്കുന്നതിലെ മുഖ്യകണ്ണികളാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിൽസൺ, മുരളി മുകേഷ് എന്നിവരാണ് പിടിയിലായത്. (ചിത്രം: വിജിലൻസ് സംഘം നടത്തിയ റെയ്ഡിലെ ദൃശ്യം, വിൽസൺ, മുരളി)
.
കേസുമായി ബന്ധപ്പെട്ട് ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ എന്നിവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ദിവസത്തെ കസ്റ്റഡി ആണ് മൂന്ന് പേർക്കുമായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവദിച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ ആണ് കൈക്കൂലി കേസിലെ പ്രധാന കണ്ണിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇയാൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടറുമായി അടുത്ത ബന്ധമുള്ളത്. ഇയാളുടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നവരാണ് പിടിയിലായ വിൽസൺ, മുരളി മുകേഷ് എന്നിവർ എന്നുമാണ് വിവരം. രഞ്ജിത്ത് ആർ വാര്യരുടെ മൊബൈൽ ഫോണുകളടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ ഇയാൾക്കെതിരായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
.
പരാതിക്കാരൻ പരാതിയിൽ ഇ.ഡി. ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചിരുന്നു. അതിനാൽ എഫ്ഐആറിൽ ഇ.ഡി. ഉദ്യോഗസ്ഥനേയും പ്രതിചേർത്തിട്ടുണ്ടെന്നും എന്നാൽ കേസ് അന്വേഷണഘട്ടത്തിലായതിനാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കില്ലെന്നും വിജിലൻസ് എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പിടിയിലായ വിൽസണിന് കൊച്ചിയിലെ ഇ.ഡി. ഉദ്യോഗസ്ഥനുമായി ബന്ധമുണ്ട് എന്നതടക്കമുള്ള വിവരങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ചൊന്നും ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ലെന്നും അക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെന്നും വിജിലൻസ് എസ്പി പറഞ്ഞു. നേരത്തേയും ഇ.ഡി. ഓഫീസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ഇ.ഡി. ഉദ്യോഗസ്ഥർ എന്നാണ് വിവരം.
.
കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന് കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു. അത് പ്രകാരം കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു. തുടർന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും നേരിൽ കണുകയും ചെയ്യുകയും കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു എന്ന് പറയുകയുമായിരുന്നു. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റായ വിൽസൺ പരാതിക്കാരനോട് പറയുകയും ചെയ്തു. തുടർന്ന് ഈ മാസം പതിനാലിന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു.
.
കേസ് ഒതുക്കി തീർക്കുന്നതിനായി 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും ഇത് കൂടാതെ അമ്പതിനായിരം രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.