കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
.
മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി എറണാകുളം സ്വദേശി  ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകൾ സഹിതം നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
.
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2023 ഒക്ടോബർ 29ന് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ ഉണ്ടായത്. യഹോവാ സാക്ഷികളുടെ പ്രാർഥനാസ്ഥലത്ത് സ്‌ഫോടനം നടത്തിയത് താനാണെന്ന് സ്ഫോടനം നടത്തിയതിന് പിന്നാലെ പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ സമൂഹമാധ്യമത്തിലൂടെ ലൈവായി കുറ്റസമ്മതം നടത്തുകയും ചെയ്തു. 12 വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 55ഓളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ. പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
.
പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ രാവിലെ 9.30നാണ് ആദ്യ സ്‌ഫോടനമുണ്ടായത്. വൈകാതെ രണ്ട് സ്‌ഫോടനങ്ങൾ കൂടിയുണ്ടായി. സ്‌ഫോടനത്തിൽ ആദ്യം മൂന്നുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലർക്കും ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാർട്ടിൻ നേരിട്ട് പൊലീസ് സ്റ്റഷനിൽ എത്തുകയായിരുന്നു.
.
യഹോവാ സാക്ഷികളോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ കാരണമെന്നാണ് മാർട്ടിൻ പറഞ്ഞത്. യഹോവാ സാക്ഷികളുടെ സഭയിൽ അംഗമായിരുന്ന മാർട്ടിൻ പിന്നീട് ഇവരുമായി തെറ്റിപ്പിരിയുകയായിരുന്നു. സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്നും ഇതിലുള്ള പകയാണ് സ്‌ഫോടനം നടത്താൻ കാരണമെന്നുമാണ് മാർട്ടിൻ പറഞ്ഞത്. ഇന്റർനെറ്റിൽ നോക്കി വീട്ടിൽവച്ച് ബോംബ് നിർമിക്കുകയായിരുന്നു. സംഭവദിവസം രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ മാർട്ടിൻ കൺവെൻഷൻ സെന്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. പെട്രോളും വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചു.
.

സ്‌ഫോടനത്തിന് പിന്നാലെ അത്താണിയിലെ വീട്ടിലെത്തിയ ശേഷം കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. തുടർന്നാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് താനാണ് സ്‌ഫോടനം നടത്തിയതെന്ന് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. യുഎപിഎ പിന്നീട് ഒഴിവാക്കി. സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് യുഎപിഎ ഒഴിവാക്കിയത് എന്നാണ് പൊലീസ് പറഞ്ഞത്.

ഈ വർഷം ഏപ്രിലിലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 3578 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. തൃക്കാക്കര ജില്ലാ ജയിലിൽ കഴിയുന്ന ഡൊമിനിക് മാർട്ടിൻ കൂടുതൽ സമയവും പുസ്തക വായനക്കാണ് സമയം നീക്കിവെക്കുന്നത് എന്നാണ് ജയിൽ വൃത്തങ്ങൾ പറയുന്നത്. കേസ് സ്വയം വാദിക്കുകയാണ് എന്നാണ് മാർട്ടിൻ കോടതിയെ അറിയിച്ചത്.
.
സ്‌ഫോടനം നടന്നതിന് പിന്നാലെ ഒരു സമുദായത്തിനെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് നടന്നത്. ഒരു കേന്ദ്രത്തിൽനിന്ന് ആസൂത്രിതമായി പടച്ചുവിടുന്നതെന്ന് സംശയിക്കാവുന്ന തരത്തിലുള്ള പ്രചാരണമാണ് ഉണ്ടായത്. സ്‌ഫോടന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലൈവ് വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സിൽ വലിയ വിദ്വേഷപ്രചാരണമുണ്ടായി. ഇത് അതിരുവിട്ടതോടെ ചാനലുകൾക്ക് ചാറ്റ് ബോക്‌സ് ഓഫ് ചെയ്യേണ്ടിവന്നത് കേരളത്തിലെ മാധ്യമപ്രവർത്തന ചരിത്രത്തിൽ അപൂർവ സംഭവമായിരുന്നു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ കേരളത്തിൽ വലിയ ജനരോഷം ഉയരുന്ന ഘട്ടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പ്രചാരണമുണ്ടായി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്വേഷപ്രചാരണത്തെ മുന്നിൽനിന്ന് നയിച്ചു.
.

രാജീവ് ചന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ ആന്റണി, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്‌കറിയ, സുജയ പാർവതി, മറുനാടൻ മലയാളി, കർമ ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി അറിയിച്ചത്.

സ്‌ഫോടനം നടത്തിയത് മുസ്‌ലിംകളാണെന്ന മുൻവിധിയോടെയാണ് പൊലീസും അന്വേഷണം തുടങ്ങിയത്. സ്ഫോടനത്തെ തുടർന്ന് പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, സത്താർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇവരെ വിടാൻ പൊലീസ് തയ്യാറായിരുന്നില്ല. തങ്ങളെ അനാവശ്യമായി പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് നിസാം രംഗത്തെത്തിയെങ്കിൽ കാര്യമായ നടപടിയൊന്നുമുണ്ടായില്ല.
.
സ്‌ഫോടനം നടന്നതിന് പിന്നാലെ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി. ഏഷ്യാനെറ്റ്, ന്യൂസ് 18 ചാനലുകൾ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി വാർത്ത കൊടുത്തു. താടിയും തൊപ്പിയുമുള്ള ഒരു ഗുജറാത്ത് സ്വദേശിയുടെ ചിത്രവും ന്യൂസ് 18 പുറത്തുവിട്ടു. ഹമാസിനെ പിന്തുണക്കുന്നവർ യഹോവാ സാക്ഷികൾ ജൂതൻമാരാണെന്ന് കരുതി ആക്രമിച്ചതാകാമെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യഹോവാ സാക്ഷികളെ ലക്ഷ്യമിട്ടതെന്നായിരുന്നു മാതൃഭൂമി ന്യൂസ് സ്റ്റോറി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!