9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കരിപ്പൂരിലിറങ്ങി, നാടകീയമായി മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്ക്കുകയായിരുന്നു കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് എന്തിനാണ് വന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍, വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തില്‍ വന്നത് എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ കഥയുടെ ചുരുളഴിഞ്ഞത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു.
.
എയര്‍പോര്‍ട്ട് ടാക്സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലീസ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരന്, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് സാക്ഷികളുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
ഹൈഡ്രോപോണിക് സിസ്റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ രീതി. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്കുന്നു, ഇത് വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രുപ വരെയാണ് ഇതിന് വില.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.