ദിവസം 10 തവണ കൊക്കെയ്ൻ ഉപയോഗം, ഓരോ 2 മണിക്കൂറിലും ഉറക്കമുണരും; വനിതാ ഡോക്ടർ ലഹരിക്കടിമയായത് MBA പഠനകാലത്ത്
ഹൈദരാബാദ്: കൊക്കെയ്‌നുമായി പിടിയിലായ സ്വകാര്യ ആശുപത്രിയിലെ മുന്‍ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി മയക്കുമരുന്നിന് അടിമയെന്ന് റിപ്പോര്‍ട്ട്. ദിവസവും പത്തുതവണവരെ ഡോ. നമ്രത കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് വാങ്ങാനായി ഒരുകോടിയോളം രൂപ വിപണിവിലയുണ്ടായിരുന്ന വസ്തുവരെ ഡോക്ടര്‍ വില്‍പ്പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
.
സൈബരാബാദ് പോലീസാണ് മയക്കുമരുന്ന് ഇടപാടിനിടെ ഡോ. നമ്രത ചിഗുരുപതി(34)യെ പിടികൂടിയത്. മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടനിലക്കാരനായ ബാലകൃഷ്ണ എന്നയാളെയും ഡോക്ടര്‍ക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ വംശ് ധാക്കര്‍ എന്നയാളില്‍നിന്നാണ് ഡോക്ടര്‍ കൊക്കെയ്ന്‍ വാങ്ങിയിരുന്നത്. വാട്‌സാപ്പ് വഴിയായിരുന്നു ഇതിന് ഓര്‍ഡര്‍ നല്‍കിയത്. അഞ്ചുലക്ഷം രൂപയും ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് ഇടനിലക്കാരനായ ബാലകൃഷ്ണ ഡോക്ടര്‍ക്ക് കൊക്കെയ്ന്‍ കൈമാറാന്‍ എത്തിയപ്പോഴാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞിട്ട് പിടികൂടിയത്.
.
കൊക്കെയ്ന്‍ അടിമ, ദിവസം പലതവണ ഉപയോഗം…
പതിവായി കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്ന ഡോ. നമ്രത ഏറെനാളായി പോലീസിന്റെയും തെലങ്കാന ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലാകുന്നതിന് 20 ദിവസം മുമ്പ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി ഇതേക്കുറിച്ച് സംസാരിക്കുകയുംചെയ്തു. വനിതാ ഡോക്ടര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും എത്രയുംവേഗം ഇവരെ ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റണമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് വീട്ടിലെത്തി പറഞ്ഞത്. എന്നാല്‍, വീട്ടിലെത്തിയ പോലീസുകാരോട് ഡോ. നമ്രത തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മയക്കുമരുന്ന് ഇടപാടിനിടെ പോലീസ് സംഘം ഇവരെ 53 ഗ്രാം കൊക്കെയ്‌നുമായി പിടികൂടിയത്.
.
മുംബൈയില്‍നിന്ന് കൊക്കെയ്‌നുമായി എത്തിയ ഇടനിലക്കാരനായ ബാലകൃഷ്ണ ഇത് ഡോക്ടര്‍ക്ക് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞത്. ഡോക്ടറുടെ മിനികൂപ്പര്‍ കാറില്‍വെച്ചായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്. 57 ചെറിയ പാക്കറ്റുകളിലാക്കിയനിലയിലാണ് കാറില്‍നിന്ന് പോലീസ് കൊക്കെയ്ന്‍ കണ്ടെടുത്തത്.
മുംബൈയില്‍ ഡിജെയായ വംശ് ധാക്കറാണ് ഡോക്ടര്‍ക്ക് സ്ഥിരമായി കൊക്കെയ്ന്‍ വില്‍പ്പന നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അതിനിടെ, ഇടനിലക്കാരനായ ബാലകൃഷ്ണ കഴിഞ്ഞമാസം മാത്രം പത്തുതവണ മുംബൈ-ഹൈദരാബാദ് യാത്ര നടത്തിയതായാണ് വിവരം. അതിനാല്‍ ഹൈദരാബാദ് നഗരത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കിയതായും പോലീസ് സംശയിക്കുന്നു. ഇതേക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
.
വാട്‌സാപ്പ് ചാറ്റുകള്‍, വിവാഹമോചിത…
വാട്‌സാപ്പ് വഴിയാണ് ഡോ. നമ്രത കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. മുംബൈയിലെ ലഹരിക്കച്ചവടക്കാരനായ വംശ് ധാക്കറുമായുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ ചിലത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ വാട്‌സാപ്പില്‍ ‘ഡിസപ്പീയറിങ് മെസേജസ്’ ഓപ്ഷന്‍ ഓണായിരുന്നതിനാല്‍ നേരത്തേയുള്ള പലസന്ദേശങ്ങളും കണ്ടെടുക്കാനായില്ല. വിദഗ്ധ പരിശോധനയിലൂടെ ഇവയെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ‘ഒമേഗ ഹോസ്പിറ്റല്‍സി’ന്റെ സിഇഒയായിരുന്നു ഡോ. നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹനവംശിയുടെ മകളാണ്. കാന്‍സര്‍ ചികിത്സ നല്‍കിയിരുന്ന ഒമേഗ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവര്‍. രണ്ട് കുട്ടികളുടെ അമ്മയായ ഡോ. നമ്രത വിവാഹമോചിതയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്.
2014-ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ നമ്രത 2017-ല്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ എംഡിയെടുത്തു. ഇതിനുശേഷം 2021-2022 കാലയളവില്‍ സ്‌പെയിനില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. സ്‌പെയിനിലെ പഠനകാലത്താണ് പ്രതി മയക്കുമരുന്നിന് അടിമയായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഡോ. നമ്രതയെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതായി ഒമേഗ ഹോസ്പിറ്റല്‍സ് അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.