ഹുറൂബ് കേസിൽപ്പെട്ടവർക്ക് ആശ്വാസം; പദവി ശരിയാക്കാൻ ആറ് മാസം സമയം അനുവദിച്ച് മന്ത്രാലയം
റിയാദ്: സൗദിയിൽ ഹുറൂബ് കേസിൽ അകപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആറ് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. ഇന്ന് (ഞായറാഴ്ച) മുതലാണ് ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. മുസാനെഡ് പ്ലാറ്റ്ഫോമിലെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലൂടെ ഗാർഹിക തൊഴിലാളികളുടേയും തൊഴിലുടമകളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നതാണ് ഈ ഗ്രേസ് പിരീഡിന്റെ പ്രധാന ലക്ഷ്യം. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് മന്ത്രാലയത്തിൻ്റെ പ്രഖ്യാപനം.
.
തൊഴിലുടമകൾക്കും ഗാർഹിക തൊഴിലാളികൾക്കും ഏറെ സഹായകരമായിരിക്കും ഈ ആറ് മാസത്തെ സമയപരിധിയെന്ന് മന്ത്രാലയം വിശദീകരിച്ചു. പുതിയ തൊഴിലുടമകൾക്ക് ജോലിക്ക് ഹാജരാകാത്ത ഗാർഹിക തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമപരമാക്കാൻ ഈ നടപടി അവസരം നൽകുന്നു. മുസാനെഡ് പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ആവശ്യമായ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കുന്നതിലൂടെ ഹുറൂബ് നിക്കാൻ സാധിക്കും. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
.
തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ തൊഴിലാളി ഒളിച്ചോടിയതായി സ്പോണ്സർ റിപ്പോർട്ട് ചെയ്യപ്പെട്ട ഗാർഹിക തൊഴിലാളികൾ നിയമവിരുദ്ധമായാണ് ഇപ്പോൾ രാജ്യത്ത് തങ്ങുന്നത്. ഇവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറികൊണ്ട് പദവി ശരിയാക്കാനും ഈ ആറ് മാസത്തെ കാലയളവിനുള്ളിൽ അനുവാദമുണ്ട്.
മുസാനെഡ് പ്ലാറ്റ്ഫോം വഴിയാണ് ഈ നടപടികളും പൂർത്തിയാക്കേണ്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ ഈ പ്രഖ്യാപനം വന്നതിന് ശേഷം ജോലിക്ക് ഹാജരാകാതിരിക്കുന്ന തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.