കേരളത്തിലെ വിമാനത്താവളത്തിൽ ‘സെക്കൻഡറി ലാഡർ പോയിൻ്റ് പരിശോധന’?; രാജ്യാന്തര യാത്രിക്കാർ 5 മണിക്കൂർ മുൻപ് എത്തണം
ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രാഥമികമായ പരിശോധനകൾക്ക് പുറമേ സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് നിർബന്ധമാക്കി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു. നിലവിൽ പ്രവേശന സമയത്തും ബോർഡിങ്ങ് ഗേറ്റിനു സമീപവുമാണ് പരിശോധനകൾ നടത്താറുള്ളത്. ഇനി മുതൽ സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് കൂടെ ഉണ്ടായിരിക്കും. ‘ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രയ്ക്കുള്ളവർ 5 മണിക്കൂർ മുൻപും ആഭ്യന്തര വിമാനയാത്രക്കാർ 3 മണിക്കൂർ മുൻപും വിമാനത്താവളത്തിൽ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
.
എന്താണ് സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്?
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ് തുടങ്ങി എല്ലാ വിമാനക്കമ്പനികളും യാത്രക്കാരോട് മൂന്നു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നതിനാലാണ് ഇത്.
വിമാനത്താവളത്തിലെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതിനു ശേഷം വീണ്ടും നടത്തുന്ന പരിശോധനയാണ് സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്. യാത്രക്കാർക്ക് മാത്രമല്ല ക്രൂ അംഗങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർക്കും ഈ പരിശോധന നടത്തും. സാധാരണ ഗതിയിൽ യാത്രക്കാർക്ക് സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് ഉണ്ടാകാറില്ല. എന്നാൽ, സുരക്ഷ സംബന്ധമായ ആശങ്കകൾ ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിൽ ഇത് ഏർപ്പെടുത്തും. നിലവിൽ ഇന്ത്യ – പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന.
ലാഡർ പോയിന്റ് എന്നത് വിമാനം കയറുന്ന പടിക്കെട്ടുകളെയോ ഗേറ്റ് ഏരിയയെയോ ആണ് സൂചിപ്പിക്കുന്നത്. സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന എന്നത് വിമാനത്തിന്റെ വാതിലിനു സമീപത്ത് പ്രത്യേകിച്ച് ബോർഡിങ്ങിനു മുൻപ് നടക്കുന്ന അന്തിമ സുരക്ഷാ പരിശോധനയാണ്. തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ളവ അവിടെ വീണ്ടും പരിശോധിക്കുന്നു. വിമാനത്തിലേക്ക് കയറുന്ന വ്യക്തി യാത്രക്കാരൻ, ക്രൂ, സ്റ്റാഫ് ഇവരിൽ ആരെങ്കിലും ഒരാളാണെന്ന് ഒന്നുകൂടെ ഉറപ്പു വരുത്തുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നിരോധിക്കപ്പെട്ട വസ്തുക്കളൊന്നും വിമാനത്തിലേക്ക് കൊണ്ടു വരുന്നില്ലെന്ന് ഉറപ്പാക്കുന്നു. വിമാന സുരക്ഷാ പ്രൊട്ടോക്കോളുകൾ പാലിക്കുന്നു.
.
പതിവ് പരിശോധനയിൽ നിന്ന് വ്യത്യസ്തം
സാധാരണയായി നടക്കാറുള്ള ബോർഡിങ് പരിശോധനയിൽ ബോർഡിങ് പാസും, തിരിച്ചറിയൽ കാർഡും പരിശോധിക്കുന്നു. യാത്രക്കാർ ശരിയായ വിമാനത്തിൽ തന്നെയാണ് കയറുന്നതെന്ന് ഉറപ്പ് വരുത്തുന്നു. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് അല്ലെങ്കിൽ ഗേറ്റ് ഏജന്റുമാറാണ് ഈ പരിശോധന ചെയ്യുന്നത്. എല്ലാ യാത്രക്കാരും ഈ പരിശോധനയിലൂടെ കടന്നു പോകുന്നു.
സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയിൽ വിമാനത്തിന്റെ വാതിലിനു സമീപത്തോ ബോർഡിങ് പടികൾക്കു താഴെയോ ആയിരിക്കും പരിശോധന. അധികസുരക്ഷയാണ് ഈ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യത്തെ പരിശോധനയ്ക്ക് ശേഷം എന്തെങ്കിലും നിരോധിത വസ്തുക്കൾ ഉണ്ടോയെന്നു പരിശോധിക്കുക. സുരക്ഷ ഉദ്യോഗസ്ഥർ അല്ലെങ്കിൽ എയർലൈൻ സുരക്ഷ ടീം ആയിരിക്കും ഇത് കൈകാര്യം ചെയ്യുന്നത്. പതിവ് പരിശോധനയിൽ നിന്ന് വ്യത്യസ്തമായി നിർബന്ധിതമായിട്ടാണ് ഈ പരിശോധന നടത്തുക.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.