സൗദിയിൽ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം; ഡ്രൈവറില്ലാ ടാക്സികൾ ഉടൻ നിരത്തിലിറങ്ങും
റിയാദ്: സൗദിയിൽ ഉടൻ തന്നെ സെൽഫ് ഡ്രൈവിംഗ് ടാക്സി പദ്ധതി (ഡ്രൈവറില്ലാ ടാക്സികൾ) ആരംഭിക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഗതാഗത ശാക്തീകരണ അണ്ടർസെക്രട്ടറി ഡോ. ഉമൈമ ബംസാഖ് പ്രഖ്യാപിച്ചു. ഇത് ഗതാഗത മേഖലയിലെ സുസ്ഥിരവും മികച്ചതുമായ ഭാവിക്കുള്ള സുപ്രധാന ചുവടുവയ്പ്പായി അവർ വിശേഷിപ്പിച്ചു. റിയാദിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. തുടർന്ന് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. മനുഷ്യ സഹായമില്ലാതെ സ്വയം സഞ്ചരിക്കാനും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയുന്നതാണ് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ.
ജിദ്ദ സർവകലാശാല സംഘടിപ്പിച്ച “യുജെ 2025” ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിലെ “സ്മാർട്ടർ സിറ്റീസ്, സ്മാർട്ടർ സർവീസസ്: ഹൗ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദി ഇന്റർനെറ്റ് ഓഫ് തിംഗ്സ് ആർ റീഷേപ്പിംഗ് ദി ഫ്യൂച്ചർ” എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഗതാഗത ഉപമന്ത്രി അധ്യക്ഷനായ ഒരു ഫ്യൂച്ചർ മൊബിലിറ്റി കമ്മിറ്റി അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഡോ. ബംസാഖ് വെളിപ്പെടുത്തി. വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളാണ്. രാജ്യത്തെ ചലനാത്മകതയ്ക്കായുള്ള ഒരു സമഗ്ര റോഡ്മാപ്പ് വികസിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ, തന്ത്രങ്ങൾ, പദ്ധതികൾ എന്നിവ ഏകോപിപ്പിക്കുകയുമാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. ഈ കമ്മിറ്റിയുടെ കീഴിൽ നിലവിൽ 120 പദ്ധതികളുണ്ട്. ഇതിൽ 16 എണ്ണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്മാർട്ട് മൊബിലിറ്റി സാക്ഷാത്കരിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
.
കൂടാതെ, സെൽഫ് ഡ്രൈവിംഗ് ട്രക്കുകൾ, കാറുകൾ, ടാക്സികൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടെയുള്ള സ്വയംഭരണ ഡ്രൈവിംഗ് സൗകര്യങ്ങളുള്ള അഞ്ച് നഗരങ്ങളെ രാജ്യത്തുടനീളം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ നഗരങ്ങളിൽ ആവശ്യമായ ഭൗതികവും ഡിജിറ്റൽവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും അവർ അറിയിച്ചു.
രാജ്യം ഗതാഗത മേഖലയിൽ വലിയ മുന്നേറ്റം നടത്തുകയാണെന്ന് ഡോ. ബാംസാഖ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തബൂക്കിലും ജിദ്ദയിലും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം ആരംഭിച്ചതോടെ, രാജ്യത്ത് പൊതുഗതാഗത സേവനങ്ങൾ ലഭ്യമായ നഗരങ്ങളുടെ എണ്ണം 17 ആയി ഉയർന്നിരിക്കുന്നു എന്നും അവർ വ്യക്തമാക്കി. ഈ പുതിയ പദ്ധതികൾ രാജ്യത്തെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.