ഗവര്‍ണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം, എതിർത്ത് കേന്ദ്രം; കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്?

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവര്‍ണര്‍ക്കെതിരേ നല്‍കിയ ആദ്യ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ അനുമതിക്കായി ബില്ലുകള്‍ ഇല്ലെന്നും അതിനാല്‍ തങ്ങളുടെ ഹര്‍ജി അപ്രസക്തമായെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനെ കേന്ദ്രം സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തു. ഹര്‍ജികള്‍ ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി.
.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഗവര്‍ണര്‍ക്കെതിരായ ആദ്യ ഹര്‍ജിയാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ചോദ്യം ചെയ്താണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജി നിലനില്‍ക്കുമെന്നും കേരളം കോടതിയെ അറിയിച്ചു.

എന്നാല്‍, കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രധാനമായ ചില വിഷയങ്ങളുണ്ടെന്നും അതിനാല്‍ അതില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാനുള്ള അവകാശം ഹര്‍ജിക്കാര്‍ക്കാണുള്ളതെന്ന് കേരളത്തിന്റെ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനെ തുടര്‍ന്നും ശക്തമായി തുഷാര്‍ മേത്ത എതിര്‍ത്തു. തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയത്.
.
ഹര്‍ജി ഭരണഘടനാ ബെഞ്ചില്‍ എത്തുന്നത് തടയാനുള്ള കേരളത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഗവര്‍ണര്‍ക്കെതിരേ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ ലഭിച്ച തിരിച്ചടി മറികടക്കാന്‍ വിഷയം ഭരണഘടനാ ബെഞ്ചില്‍ എത്തിക്കുക എന്നത് കേന്ദ്രത്തിന് നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആദ്യ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചതെന്നാണ് സൂചന. തമിഴ്‌നാട് ഗവര്‍ണര്‍ കേസിലെ വിധിക്കെതിരേ കേന്ദ്രം വൈകാതെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നാണ് സൂചന.
.
കേരളത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!