കെ.വി. റാബിയ അന്തരിച്ചു; ദൃഢനിശ്ചയംകൊണ്ട് അക്ഷരവെളിച്ചം പകർന്ന സാക്ഷരതാ പ്രവർത്തക

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പത്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്.
.
പതിനാലാമത്തെ വയസ്സുമുതല്‍ പോളിയോ ബാധിതയായി ശരീരം തളര്‍ന്ന റാബിയ ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടില്‍ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേര്‍ക്ക് വീല്‍ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. റാബിയയുടെ സാക്ഷരതാപ്രവര്‍ത്തനത്തിന് യു.എന്‍. പുരസ്‌കരമടക്കം ലഭിക്കുകയും 2022-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
.
സമ്പൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്.  1990-കളിലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി.
.
2000ൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കിടക്കുമ്പോഴും റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ ‘നിശബ്ദ നൊമ്പരങ്ങൾ’ പുസ്‌തകം പൂർത്തിയാക്കി. ആത്മകഥ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. പുസ്‌തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്.
.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്നം അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, സീതി സാഹിബ് അവാര്‍ഡ്, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ് കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനിതാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടേയും ബിയാച്ചുട്ടി ഹജ്ജുമ്മയുടേയും മകളാണ്. ഭര്‍ത്താവ്: ബങ്കളത്ത് മുഹമ്മദ്. സഫിയ, ഖദീജ, നഫീസ, ആസിയ, ആരിഫ എന്നിവർ സഹോദരിമാരാണ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!