ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു? പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ്യാപക കൃഷി നാശം; വിമർശിച്ച് പാക്കിസ്ഥാൻ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി അണക്കെട്ട് തുറന്നുവിട്ടെന്ന് സൂചന. ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പാക്ക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. നദീ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനു പിന്നാലെയുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഡാം തുറന്നുവിട്ടതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
.
പതിവായി തുറന്നു വിടുന്ന അളവിലുള്ള വെള്ളം മാത്രമേ ഇന്ത്യ തുറന്നു വിട്ടിട്ടുള്ളുവെന്നും ജമ്മു കശ്മീരില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടാവുകയും കന്നുകാലികളടക്കം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ പാക്ക് അധീന കശ്മീര്‍ തലസ്ഥാനമായ മുസാഫര്‍ബാദിലും ചക്കോട്ടിയിലും ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.
.
സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ അണക്കെട്ട് തുറന്ന് വിട്ടേക്കുമെന്ന ആശങ്ക പാക്കിസ്ഥാനുണ്ടായിരുന്നു. രാജ്യാന്തര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും ലംഘനമാണ് ഇന്ത്യയുടെ നടപടിയെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു സഹായം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.