കള്ളുഷാപ്പിൽ അനുജനെ തലക്കടിച്ച് കൊന്നു; മരണവിവരമറിഞ്ഞത് പിറ്റേദിവസം രാവിലെ; ജ്യേഷ്ഠനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
തൃശ്ശൂര്‍: ആനന്ദപുരത്തെ കള്ളുഷാപ്പില്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് അറസ്റ്റിലായി. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ പരേതനായ സുധാകരന്റെ മകന് വിഷ്ണുവിനെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. അനുജനായ യദുകൃഷ്ണനെ(29)യാണ് വിഷ്ണു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. (ചിത്രത്തിൽ കൊല്ലപ്പെട്ട യദുകൃഷ്ണ)
.
ഷാപ്പില് മദ്യപിച്ചുകൊണ്ടിരുന്ന വിഷ്ണു വഴക്കുണ്ടാക്കിയതറിഞ്ഞ് എത്തിയതായിരുന്നു യദുകൃഷ്ണന്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച യദുകൃഷ്ണനെ വിഷ്ണു കള്ളുകുപ്പികൊണ്ട് തലക്കടിക്കുകയും മരപ്പലകകൊണ്ട് പുറത്തടിക്കുകയുമായിരുന്നു. അടിയേറ്റ് വീണുകിടന്ന യദുകൃഷ്ണനെ പുതുക്കാട് പോലീസ് എത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍, രാത്രി 11 മണിയോടെ യദുകൃഷ്ണന് മരിച്ചു. അമ്മയുടെ പേരിലുള്ള സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്കിടയിൽ വാക്കു തർക്കമുണ്ടായിരുന്നതായും പറയപ്പെടുന്നു.
.
സംഭവത്തിനുശേഷം ഷാപ്പില് നിന്നിറങ്ങിയ വിഷ്ണു രാത്രി വൈകിയാണ് വീട്ടിലെത്തിയത്. പൂട്ടികിടന്ന വാതിലിന്റെ താഴ് കരിങ്കല്ലുകൊണ്ട് തകര്‍ത്ത് അകത്ത് കയറി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് പത്രം വായിക്കുന്നതിനിടെയാണ് യദുകൃഷ്ണന് മരിച്ച വിവരം വിഷ്ണു അറിയുന്നത്. ഇതോടെ വീട്ടില്‍നിന്ന് ഇറങ്ങി ഒളിവിൽ പോയ വിഷ്ണുവിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷപ്പെട്ട വിഷ്ണു സമീപത്തെ പറമ്പില്‍ ഒളിച്ചിരിക്കുമ്പോഴാണ് പോലീസ് അന്വേഷിച്ച് എത്തിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുതുക്കാട് പോലീസ് എസ്എച്ച്ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.