ഇരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കും; നിലവിളി പോലും പുറത്ത് കേൾക്കില്ല; ദൃക്സാക്ഷികളുമില്ല! വിനീത കൊലപാതക കേസിൽ വിധി നാളെ
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ നാളെ വിധി പറയും. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (40) കേസിലെ പ്രതി.
.
2022 ഫെബ്രുവരി ആറിന് പട്ടാപ്പകലായിരുന്നു സംഭവം. അലങ്കാരച്ചെടി കടയ്ക്കുള്ളിൽ വച്ച് രാജേന്ദ്രൻ വിനീതയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള സ്വർണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. സമാനരീതിയിൽ രാജേന്ദ്രൻ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, ഇവരുടെ 13 വയസ്സുകാരിയായ വളർത്തു മകൾ അഭിശ്രീ എന്നിവരെയും കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഹോട്ടൽ തൊഴിലാളിയായി പേരൂർക്കടയിലെത്തിയ രാജേന്ദ്രൻ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.
.
ഹൃദ്രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് ജീവിക്കാൻ മറ്റു മാർഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപനശാലയിൽ ജോലിക്കു പോയത്. കൊല്ലപ്പെടുന്നതിന് 9 മാസം മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. സമ്പൂർണ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ദിവസം ചെടികൾ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രൻ ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പിന്നിൽനിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. ഇരയ്ക്ക് ഒന്നു നിലവിളിക്കാൻ പോലും കഴിയാത്ത രീതിയിൽ സ്വനപേടകത്തിൽ (Vocal cord) ആഴത്തിൽ മുറിവ് ഉണ്ടാക്കുന്നതാണു രാജേന്ദ്രന്റെ കൊലപാതക രീതി. സമാന രീതിയിലാണ് വെള്ളമഠം സ്വദേശി സുബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ഫൊറൻസിക് വിദഗ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു.
.
വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ കാവൽ കിണറിനു സമീപത്തെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പേരൂർക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വർണമാല പൊലീസ് കണ്ടെടുത്തിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, 7 ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദേവിക മധു, ജെ.ഫസ്‌ന, ഒ.എസ്.ചിത്ര എന്നിവർ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് എസിയായിരുന്ന വി.എസ്.ദിനരാജ്, പേരൂർക്കട സി.ഐ ആയിരുന്ന വി.സജികുമാർ, എസ്എച്ച്ഒയുടെ ചുമതലയുണ്ടായിരുന്ന ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇൻസ്പെക്ടർ എസ്. ജയകുമാർ, സീനിയർ സിവിൽ പൊലീസുകാരായ പ്രമോദ്.ആർ, നൗഫൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.