‘മുനമ്പത്ത് ഭൂമിവാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുത്, പ്രശ്നപരിഹാരത്തിന് സർക്കാരിന് പൂർണ പിന്തുണ’; നിലപാട് വ്യക്തമാക്കി ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും മുസ്‌ലിം ലീഗ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
.
വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി എന്നിവരാണ് മുസ്‌ലിം ലീഗിനുവേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്ത്. ഈ ഹര്‍ജിയിലാണ് മുനമ്പം വിഷയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
.

മുനമ്പം വിഷയത്തിന് പരിഹാരം കാണുന്നതിന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍, ബിഷപ്പുമാര്‍ ഉള്‍പ്പടെ വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനമ്പം നിവാസികളുടെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തില്‍ അന്തിമ പരിഹാരം കാണുന്നത് വരെ ആ ശ്രമം തുടരുമെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
.
പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണേണ്ടത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ അറിയിച്ചു.
.

വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
.
മുസ്ലിം ലീഗിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ഹര്‍ജികള്‍ അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. രാവിലെ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കാന്‍ തീരുമാനമായത്.

ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സമസ്തയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!