പേഴ്‌സണൽ അസെസ്‌മെൻ്റ് എന്നപേരിൽ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ഹുബൈലിനെതിരേ മുൻപും പരാതി
കൊച്ചി: കൊച്ചിയില്‍ ജീവനക്കാരെ ക്രൂരമായ തൊഴിൽപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നേരത്തെ ഉയർന്നിരുന്ന പരാതി. ഈ കേസിൽ കെല്‍ട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ വയനാട് സ്വദേശി ഹുബൈല്‍ മുന്‍പ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
.
ജോലിക്കാരായ പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നായിരുന്നു പരാതി. വീടുകൾതോറും കയറിയിറങ്ങി വിവിധ സാധനങ്ങൾ വിൽപന നടത്തുകയായിരുന്നു ജീവനക്കാരുടെ ജോലി. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ചെല്ലുന്ന ഹുബൈല്‍ പേഴ്‌സണല്‍ അസെസ്‌മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നെന്നാണ് പരാതി.
സ്ഥാപനത്തില്‍ പുതിയതായി ജോലിക്കുചേര്‍ന്ന ഒരു യുവതി നല്‍കിയ പരാതിയിലാണ് മുൻപ് പെരുമ്പാവൂർ പോലീസ് ഹുബൈലിനെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ ജീവനക്കാരായ പല പെണ്‍കുട്ടികളും പോലീസിനോട് ലൈംഗികാതിക്രമത്തേക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. തോഴിലിന്‍റെ ഭാഗമായി പെണ്‍കുട്ടികൾ പുറത്തുപോകുമ്പോൾ അവരുടെ മൊബൈല്‍ ഫോണുകൾ ഹുബൈല്‍ പിടിച്ചുവെക്കുമായിരുന്നു. അതിനാല്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ചുപോകാനോ ചൂഷണം പുറത്തുപറയാനോ സാധിച്ചിരുന്നില്ല.
.
പുരുഷൻമാരായ ജീവനക്കാർക്കുനേരെ ടാർഗറ്റിന്‍റെ പേരിൽ നടത്തിയിരുന്ന കൊടിയ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരുടെ നേർക്ക് നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടത്തിച്ച് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്.
കൊച്ചിയിലെ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പീഡനം അനുവദിക്കാനാകില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പ്രതികരിച്ച മന്ത്രി ജില്ല ലേബര്‍ ഓഫീസറോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിർദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.