വഖഫ്, മുനമ്പം, എമ്പുരാനിലെ മുന്ന, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; വഖഫ് ബിൽ ചർച്ചയിൽ രാജ്യസഭയിൽ നേർക്ക് നേർ ഏറ്റ് മുട്ടി ബ്രിട്ടാസും സുരേഷ് ഗോപിയും – വിഡിയോ

ന്യൂഡൽഹി: രാജ്യസഭയിലെ വഖഫ് ബിൽ ചർച്ചയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എംപി. ബിജെപി ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും എന്നാൽ ഓരോ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ഇന്നും ജബൽപൂരിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുന്നു. കഴിഞ്ഞവർഷം മാത്രം 700 ആക്രമണമാണുണ്ടായത്. മണിപ്പൂരിൽ 200ലേറെ പള്ളികൾ കത്തിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.

‘നിങ്ങൾ രണ്ടു മൂന്നു ദിവസമായി ക്രിസ്ത്യാനി, കേരള, മുനമ്പം എന്നൊക്കെ പറയുന്നുണ്ടല്ലോ. സ്റ്റാൻ സ്വാമിയെ മറക്കാൻ പറ്റുമോ?, പാർക്കിൻസൺസ് രോഗം വന്ന് ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ ഒരു സ്‌ട്രോയ്ക്ക് വേണ്ടി കരഞ്ഞ മനുഷ്യൻ. അദ്ദേഹത്തെ നിങ്ങൾ ജയിലിലിട്ടു കൊന്നില്ലേ?. ഗ്രഹാം സ്‌റ്റെയിനെ മറക്കാൻ പറ്റുമോ? മക്കളോടൊപ്പം ചുട്ടുകൊന്നില്ലേ…?’- ജോൺ ബ്രിട്ടാസ് ചോദിച്ചു.
.
‘ബൈബിളിലൊരു കഥാപാത്രമുണ്ട്- മുപ്പത് വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസ്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടിരിക്കുന്ന ചിലർ. എമ്പുരാൻ സിനിമയിലെ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളിൽ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളെന്ന വിഷത്തെ ഞങ്ങൾ മാറ്റിനിർത്തി. ഒരാൾ ജയിച്ചിട്ടുണ്ട്. ഞങ്ങൾ നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും ഞങ്ങൾ പൂട്ടിക്കും. മലയാളിക്ക് ഒരു തെറ്റ് പറ്റി. ആ തെറ്റ് ഞങ്ങൾ വൈകാതെ തിരുത്തും’.
.

‘മുനമ്പത്തെ ഒരാൾക്കു പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനമാണ്. അഞ്ച് ലക്ഷം ഭവനരഹിതർക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാർഥതയും ഉണ്ടെങ്കിൽ ഈ മുനമ്പത്തെ ആളുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഞങ്ങൾ ചെയ്തിരിക്കും. അതിന് നിങ്ങളുടെ ഓശാരം വേണ്ട. യുപിയിൽ മസ്ജിദ് മൂടിയിടുന്നതു പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്‌ക്കേണ്ടിവരില്ല. ഒരാൾക്കും ഭയത്തിൽ കഴിയേണ്ടിവരില്ല. എല്ലാവർക്കും സാഹോദര്യത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. അത് നിലനിർത്താൻ ഞങ്ങൾക്കറിയാം’.

‘ഇപ്പോൾ നിങ്ങൾ ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുമ്പോൾ അത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ട്. ഈ ബില്ലിൽ നിങ്ങൾ മുനമ്പം, മുനമ്പം എന്നു പറയുന്നു. ഉത്തരേന്ത്യയിൽ നിന്ന് പതിനായിരക്കണക്കിനാളുകളെ നിങ്ങൾ ആട്ടിപ്പായിച്ചില്ലേ. 50,000ലേറെ ആളുകളാണ് മണിപ്പൂരിൽ അഭയാർഥികളായി കഴിയുന്നത്. എത്രയോ ആളുകൾ രാജ്യംവിട്ടു. നിങ്ങൾക്കവരെ കുറിച്ചൊന്നും പറയാനില്ല. നിങ്ങൾ എത്രയോ പള്ളികൾ തകർത്തു’.
.
വിദ്വേഷവും വര്‍ഗീയതയും പരത്താന്‍ ശ്രമിക്കുകയാണ് ബിജെപി. വഖഫിന്റെ എ ബി സി ഡി പോലും ബി ജെ പിക്ക് അറിയില്ലെന്നും രാജ്യത്തിന് എന്ത് സന്ദേശമാണ് ഈ ബില്‍ നല്‍കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
.

.
.
വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിറ്റ്യൂട്ടറി ബോഡിയാണ്. സുപ്രീംകോടതി പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡിന്റെ അധികാരം മുസ്ലിം വിഭാഗത്തിന് മാത്രമാണ്. യു പിയില്‍ ഹോളിദിവനത്തില്‍ മുസ്ലീം പള്ളികള്‍ ടാര്‍പായ ഉപയോഗിച്ച് മറയ്ക്കുന്നു. പള്ളികള്‍ കെട്ടി മറയ്‌ക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ല. നിങ്ങള്‍ കേരളത്തിലേക്ക് വരൂ, ആറ്റുകാല്‍ പൊങ്കാല ആഘോഷം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നു. എല്ലാ മതവിഭാഗവും ഒരുമിച്ചാണ് ആഘോഷിച്ചത്. ഇതാണ് കേരളത്തിന്റെ സംസ്‌കാരം.

‘എമ്പുരാനിലെ മുന്നയാണ് നിങ്ങൾ. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്. അതിനാൽ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ ബിൽ പിൻവലിക്കണം. ജനങ്ങൾക്കിടയിൽ സാമുദായിക സൗഹാർദവും സമത്വവും നിലനിൽക്കണമെങ്കിൽ ഈ ബിൽ പിൻവലിക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പണിഞ്ഞാണ് സിപിഎം അംഗങ്ങൾ സഭയിലെത്തിയത്.
.
തൃശൂരിന് ഒരു തെറ്റ് പറ്റിയെന്നും അധികം വൈകാതെ കേരളം ആ തെറ്റ് തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞുവച്ചു. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതുപോലെ തൃശൂരിലെ ബി ജെ പി അക്കൗണ്ടും പൂട്ടുമെന്ന് സി പി എം എം.പി അഭിപ്രായപ്പെട്ടു.  ഇതോടെയാണ് സുരേഷ് ഗോപി മറുപടിയുമായി രംഗത്തെത്തിയത്.

എന്നാൽ ഇതിനെ മറ്റു ചില വിഷയങ്ങളുയർത്തിയാണ് ബിജെപി എംപി സുരേഷ് ഗോപി എതിർത്തത്. ബ്രിട്ടാസിൻ്റെ ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാതെ, സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്.

എംപുരാൻ സിനിമയെ പറ്റി പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി മറുപടി തുടങ്ങിയത്. എംപുരാൻ  സിനിമയെ പറ്റി പറയുന്നവർക്ക് ടി പിയെ പറ്റിയുള്ള സിനിമയെ പറ്റി പറയാൻ പറ്റുമോയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും ഓർമ്മിപ്പിച്ച സുരേഷ് ഗോപി, എംപുരാൻ സിനിമയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും വിവരിച്ചു. സിനിമയിൽ നിന്നും തന്‍റെ പേര് നീക്കാൻ ആദ്യം പറഞ്ഞത് താൻ തന്നെയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സിനിമയിൽ വരുത്തേണ്ട മാറ്റങ്ങൾ താനല്ല തീരുമാനിക്കുന്നതെന്നും അത് പ്രൊഡ്യൂസറുടെയും സംവിധായകന്റെയും തീരുമാനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ബി ജെ പിയെ താറടിക്കാനാണ് ശ്രമം നടത്തുന്നതെന്നും മുനമ്പം ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇനിയും സിപിഎമ്മിന് കൈ പൊള്ളുമെന്നും, അത് മുറിവായി മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!