പരിചയക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഭർത്താവിനെ സിഐഡി പൊക്കി നാടുകടത്തി; യുഎഇയിൽ താങ്ങും തണലുമില്ലാതെ ഒന്നര വയസ്സുള്ള മകനുമായി മലയാളി യുവതിയുടെ ദുരിത ജീവിതം
ഷാർജ: വിസാ കാലാവധി കഴിഞ്ഞതിനാൽ ഭർത്താവിനെ സിഐഡി കയ്യോടെ ‘പൊക്കി’ നാടുകടത്തിയതിനാൽ, കൈക്കുഞ്ഞുമായി ഷാർജയിൽ അകപ്പെട്ട മലയാളി യുവതി നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു. ഷാർജയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനിയാണ് മാസങ്ങളായി ഒന്നര വയസ്സുകാരനായ മകനോടൊപ്പം ഷാർജയിൽ കുടുങ്ങിക്കിടക്കുന്നത്.
.
20 ദിവസത്തെ ജയിൽ വാസം, പിന്നീട് ഡൽഹിയിലേക്ക്
മൂന്ന് വർഷം മുൻപാണ് യുവതി ഷാർജയിൽ ഷെഫായിരുന്ന ഭർത്താവിന്റെ കൂടെ താമസിക്കാൻ ഇവിടെ വന്നത്. പിന്നീട് ഭർത്താവ് ജോലി രാജിവച്ചു. പുതിയ വീസയ്ക്ക് വേണ്ടി മലയാളിയായ തമ്പാൻ എന്നയാൾക്ക് പണം നൽകി. എന്നാൽ അയാൾ ചതിച്ചു, പണവുമായി മുങ്ങി. ഇതോടെ പലയിടത്തും പോയി ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഭർത്താവിനെ ഫെബ്രുവരി ആദ്യം പൊലീസ് പിടികൂടി.
.
ഈ വർഷത്തെ പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാർക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ, താമസിക്കുന്ന കെട്ടിടത്തിന് താഴെ പരിചയക്കാരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഇയാളെ സിഐഡി പൊക്കുകയായിരുന്നു.
20 ദിവസത്തിന് ശേഷം ഡൽഹിയിലേക്ക് കയറ്റിയയക്കുകയും ചെയ്തു. ഇതോടെ യുവതിയും കുഞ്ഞും ഷാർജയിൽ നിരാലംബരായിത്തീർന്നു. ഇന്ന് മറ്റാരെങ്കിലും സഹായിച്ചാൽ മാത്രമേ ഭക്ഷണം പോലും ലഭിക്കുന്നുള്ളൂ. വിശന്ന് കരയുന്ന കുഞ്ഞിനെയോർത്താണ് തന്റെ ഏറ്റവും വലിയ സങ്കടമെന്ന് ഇവർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
.
ഇവരുടെ മകൻ ഷാർജയിലായിരുന്നു ജനിച്ചത്. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഇതുവരെ കുട്ടിക്ക് പാസ്പോർട് എടുത്തിരുന്നില്ല. താമസ സ്ഥലത്തിന്റെ വാടക 3 മാസം കുടിശ്ശിക വന്നതിനാൽ അതും പ്രതിസന്ധിയിലായി. 3,900 ദിർഹമാണ് നൽകാനുള്ളത്. നിത്യച്ചെലവിന് പോലും വകയില്ലാത്ത യുവതി ഷെയറിങ്ങിന് താമസിക്കുന്ന ഫ്ലാറ്റുടമയുടെ കാരുണ്യം കൊണ്ടാണ് കഴിഞ്ഞുപോകുന്നത്.
വാടക കുടിശ്ശിക, വിസാ കാലാവധി കഴിഞ്ഞതിനാൽ അതിന്റെ പിഴ, കുട്ടിക്ക് പാസ്പോർട്, രണ്ടുപേർക്കും ഔട്ട് പാസ് എന്നിവയക്കെല്ലാം കൂടി ഏതാണ്ട് എട്ടായിരത്തോളം വേണ്ടിവരുമെന്ന് സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ പറഞ്ഞു. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: +971 52 159 9316.
അനധികൃത താമസക്കാർ ഒരുദിവസം പിടിക്കപ്പെടും
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ അവസാനം വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ്. വീസയോ മറ്റു താമസ രേഖകളോ ഇല്ലാത്തവർക്ക് പിഴയൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ യുഎഇ സർക്കാർ നൽകിയ സുവർണാവസരം നൂറുകണക്കിന് ഇന്ത്യക്കാർ ഉപയോഗിച്ചു. പക്ഷേ, മലയാളികളടക്കം ഒട്ടേറെ പേർ ഈ യുഎഇ സർക്കാരിന്റെ ഈ കനിവിനെ അവഗണിച്ചു യുഎഇയിൽ തുടരുന്നു.
ഇവരെ വ്യാപക തിരച്ചിലിലൂടെ പിടികൂടുമെന്നും ശിക്ഷിക്കുകയും പിന്നീട് തിരിച്ചുവരവിന് സാധിക്കാത്ത വിധം വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് 20 ദിവസം തടവിൽ പാർപ്പിച്ച ശേഷം നാടുകടത്തിയത്.
ഇയാളടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും പൊലീസിന്റെ വലയിലാകുന്നുണ്ട്. അതുകൊണ്ട് അനധികൃത താമസക്കാർ എത്രയും പെട്ടെന്ന് താമസ രേഖകൾ സാധുതയുള്ളതാക്കാനോ അല്ലെങ്കിൽ പൊലീസിൽ കീഴടങ്ങി ശിക്ഷയേറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങാനും സന്നദ്ധരാവണമെന്ന് കിരൺ പറയുന്നു. (കടപ്പാട്: സിദ്ദീഖ് കാവിൽ, മനോരമ ഓൺലൈൻ, ചിത്രത്തിൽ യുവതിയോട് വിവരങ്ങൾ ചോദിച്ചറിയുന്ന കിരൺ രവീന്ദ്രൻ)
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.