റമദാൻ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍, നാടെങ്ങും പെരുന്നാളാഘോഷം
കോഴിക്കോട്: വിശുദ്ധിയുടെ 29 ദിനരാത്രങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മഹര്‍ഷത്തിന്റേയും അത്മനിര്‍വൃതിയുടേയും ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനവും രാവേറെ നീണ്ടു നിന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും കൊണ്ട് ധന്യമാക്കപ്പെട്ട പുണ്യ റംസാൻ മാസത്തിന് വിടചൊല്ലിയാണ് ഇസ്‌ലാം മതവിശ്വാസികള്‍ തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. കടുത്ത വേനല്‍ച്ചൂടിന്റെ പരീക്ഷണങ്ങളെ മറികടന്നാണ് ഇത്തവണ വിശ്വാസികള്‍ റംസാന്‍വ്രതം പൂര്‍ത്തിയാക്കിയത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടന്നു.
ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മാസത്തെ വ്രതാനുഷ്ഠാനം … സ്നേഹവും സാഹോദര്യവും സഹനവും പങ്കിട്ട് പെരുന്നാളിലേക്ക്. കൈകളിൽ മൈലാഞ്ചി ചന്തം നിറഞ്ഞു. പുതിയ വസ്ത്രങ്ങൾ വാങ്ങി.
ഫിത്വർ സക്കാത്ത് നൽകി വിശ്വാസികൾ ഈദ്ഗാഹുകളിലെത്തി. നമസ്കാരത്തിന് പണ്ഡിതന്മാരും ഇമാമുമാരും നേതൃത്വം നൽകി. ശേഷം പെരുന്നാൾ പ്രഭാഷണം നടന്നു. വിവിധ സംഘടനങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫലസ്തീൻ ഉൾപ്പെടെ ദുരിതമനുഭവിപ്പിക്കുന്നവരോടുള്ള ഐക്യദാർഢ്യവും പ്രാർഥനയും ഈദുഗാഹുകളിലും പള്ളികളിലും ഉണ്ടായി.
.
കുടുംബ, സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. എല്ലാ വായനക്കാര്‍ക്കും മലയാളം ന്യൂസ് ഡെസ്കിൻ്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.