മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി; ഒപ്പം എടവണ്ണ സ്വദേശിയായ യുവാവും, പൊലീസ് മുംബെയിലേക്ക് പുറപ്പെട്ടു
താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരാണ് മുംബൈയിലെത്തിയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും ഇവരോടൊപ്പം മുംബൈയിലേക്ക് പോയതായാണ് സൂചന. യുവാവ് മുംബൈയിലേക്കു പോയെന്നു വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ വിദ്യാർഥിനികൾ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഇവർ രക്ഷപ്പെട്ടിരുന്നു. ഇതോടെ താനൂർ പൊലീസ് നാലു സംഘങ്ങളായി മഹാരാഷ്ട്രയിലേക്കു തിരിച്ചിട്ടുണ്ട്. മലയാളി സംഘടന പ്രവർത്തകരും മഹാരാഷ്ട്ര പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്.
.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ മൊബെൽ നമ്പറുകൾ സ്വിച്ച്ഓഫാണ്. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് താനൂർ സി.ഐ ടോണി. ജെ. മറ്റം പറഞ്ഞു. കുട്ടികളുടെ കാൾ റെക്കോഡുകൾ വിശദമായി പരിശോധിക്കുകയാണെന്നും എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽനിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കാൾ വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. എടവണ്ണ സ്വദേശിയുടെ കൂടെയാണ് ഇവർ മുംബൈയിലെത്തിയതെന്നാണ് നിഗമനം. ടെക്സ്റ്റൈൽസ് മേഖലയിൽ ജോലിയെടുക്കുന്ന എടവണ്ണ സ്വദേശി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത്. ഇയാളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും കുട്ടികളെ കണ്ട കാര്യം നിഷേധിച്ചെന്നാണറിയുന്നത്.
.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സ്കൂൾ പരിസരത്തുനിന്ന് ഇവരെ കാണാതാകുന്നത്. പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള വിഭാഗത്തിൽപെട്ട കുട്ടികളാണ്. ഇവർക്കുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നതിനിടെ പരീക്ഷക്കായാണ് വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, സ്കൂളിലെത്താത്തതിനെതുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരമറിയുന്നത്. അതിന് പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാൻ പൊലീസ് ആദ്യം തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് കുട്ടികൾ മുംബെയിൽ എത്തിയതായി അറിഞ്ഞത്. അതോടെയാണ് അന്വേഷണം മുംബെയിലേക്ക് വ്യാപിപ്പിച്ചത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.