ഷഹബാസ് കൊലപാതകം: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്കും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധവും. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളത്. ഇയാള്‍ ടി.പി. വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടിൽനിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്. (ചിത്രം: മരിച്ച ഷഹബാസ്(ഇടത്ത്), മുഖ്യപ്രതിയുടെ പിതാവ് ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിനൊപ്പം നിൽക്കുന്ന ചിത്രം(വലത്ത്). ചിത്രത്തിൽ മുഖം വ്യക്തമായി കാണാവുന്നയാളാണ് ടി.കെ. രജീഷ്)
കുട്ടിയുടെ പിതാവ് തന്നെയാകാം ഇത് കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. താമരശ്ശേരിയിലെ ട്യൂഷന് സെന്റര്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്. ഇതിനു പുറമേ നാലു മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണിൽ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങൾ അടങ്ങുന്ന കൂടുതൽ തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ അഞ്ചു വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി വിശദമായി സിസിടിവി പരിശോധനയും നടത്തിവരികയാണ്. ആക്രമണം നടത്തുന്നതിനായി വാട്സാപ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വിദ്യാർഥികൾ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നാണു വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.
.
ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത്. ഇയാള്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്.
.
എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്ഥികള്ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന് സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന് സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
.
വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. തലയ്ക്കേറ്റ പരിക്കായിരുന്നു മരണകാരണം. മർദനമേറ്റ് ഷഹബാസിൻ്റെ തലയോട്ടി തകർന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
.
ഷഹബാസ് വധക്കേസിലെ പ്രതികളെ എസ്എസ് എൽസി പരീക്ഷ എഴുതിക്കാൻ താമരശ്ശേരിയിൽ കൊണ്ടുവന്നാൽ തടയുമന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പ്രതികളെ പരീക്ഷക്ക് എത്തിക്കുന്നതു മറ്റു കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്നാണു യൂത്ത് കോൺഗ്രസ് നിലപാട് എന്നു മണ്ഡലം കമ്മിറ്റി അറിയിച്ചു.
അതിനിടെ പ്രതികളെ മറ്റു വിദ്യാർഥികൾക്കൊപ്പം ഇരുത്തി പരീക്ഷ എഴുതിപ്പിക്കരുതെന്നും കോഴിക്കോടിനു പുറത്തു മറ്റു ജില്ലയിൽ പ്രത്യേക ബ്ലോക്കിൽ പ്രതികളെ മാത്രം ഇരുത്തി പരീക്ഷ എഴുതിപ്പിക്കണമെന്നും ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് പൊതുവിദ്യാഭ്യാസ മന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.