‘ചെന്താമര അതിവിദഗ്ധ കുറ്റവാളി, ഇരട്ടക്കൊലക്ക് ആയുധം വാങ്ങിവച്ചു, കുറ്റകൃത്യത്തിൽ സന്തോഷവാൻ’; സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പ്രതിയുടെ മൊഴി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമര (54) അതിവിദഗ്ധനായ കുറ്റവാളിയാണെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും വാർത്താ സമ്മേളനത്തിൽ എസ്പി വ്യക്തമാക്കി. പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമാണ് എസ്പി മാധ്യമങ്ങളെ കണ്ടത്. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും. ഇരട്ടക്കൊല പുനരാവിഷ്കരിക്കും. ഇന്നു വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
.
കൊല്ലപ്പെട്ട സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലയിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.
ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തുറന്ന കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രത്യേക അനുമതി വാങ്ങി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുന്നില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്.
.
.
എസ്പിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:
പല സ്ഥലങ്ങളിൽനിന്നു കിട്ടിയ വിവരങ്ങൾ അനുസരിച്ച് പലയിടത്തും ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ നടത്തി. എന്നാൽ ഇയാളുടെ വീടിനടുത്തുള്ള പാടത്തുനിന്നാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. വിശപ്പ് സഹിക്കാനാകാതെയാണ് ഇയാൾ കാടിറങ്ങി വീട്ടിലേക്കു വന്നതെന്നു കരുതുന്നു. കുറ്റകൃത്യത്തെപ്പറ്റി ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷം ഫെൻസിങ് മറികടന്ന് ഇയാൾ കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരുക്കുകൾ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ചു പ്രതിക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു.
ഇയാൾ അതിവിദഗ്ധനായ കുറ്റവാളിയാണ്. പൊലീസിന്റെ നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചതു കൊണ്ടാണ് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചത്. പൊലീസ് മികച്ച രീതിയിലാണ് അന്വേഷിച്ചു കുറ്റവാളിയെ കണ്ടെത്തിയത്. പരിശോധനയ്ക്കു സഹായിച്ച നാട്ടുകാർക്കു പ്രത്യേകം നന്ദി. ഇരട്ടക്കൊല ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനം. ഇയാൾ ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കുറ്റകൃത്യത്തിൽ പ്രതിക്കു കുറ്റബോധമില്ല; ഇതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല.
ചെന്താമര വിഷം കുടിച്ചതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നു കരുതുന്നു. ഒരു മാസമായി ഇയാൾ വീട്ടിലുണ്ടായിരുന്നു. കുറെ കാര്യങ്ങൾ ചെന്താമര പറയുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമേ ഉറപ്പിക്കാനാകൂ. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോടു ചെന്താമരയ്ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതു കൊണ്ടാണു ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ മന്ത്രവാദമാണു കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. അയൽക്കാർ മന്ത്രവാദം ചെയ്തെന്നാന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇതു കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. മറ്റു കാരണങ്ങൾ അന്വേഷിക്കും. ഇയാൾക്കു കുറ്റകൃത്യം ചെയ്യാനോ രക്ഷപ്പെടാനോ ആരുടെയും സഹായം കിട്ടിയിട്ടില്ല. ജാമ്യത്തിൽ ഇറങ്ങിയ സമയത്തു ക്വാറിയിലാണു ചെന്താമര ജോലി ചെയ്തിരുന്നത്. ഇവിടത്തെ സഹപ്രവർത്തകന്റെ ഫോണിൽ സിം ഇട്ട് ആളുകളെ ബന്ധപ്പെട്ടിരുന്നെന്നും എസ്പി പറഞ്ഞു.
2 പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തു മണിയോടെയാണു കസ്റ്റഡിയിലായത്. നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ പ്രതിക്കെതിരെ രോഷവുമായി ജനങ്ങളെത്തിയതു സംഘർഷമുണ്ടാക്കി. പ്രതിയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേർ തടിച്ചുകൂടിയതോടെ പൊലീസ് സ്റ്റേഷന്റെ ഗേറ്റും വാതിലും അടച്ചു. ജനം ഗേറ്റ് തല്ലിത്തകർത്ത് അകത്തു കയറിയതോടെ പൊലീസിനു ലാത്തി വീശേണ്ടി വന്നു. പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചതായി നാട്ടുകാർ പറഞ്ഞു.
5 വർഷം മുൻപു നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണു സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തിൽ കൂടുതൽ ഭക്ഷണമില്ലാതെ ഇയാൾക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു സഹോദരൻ പൊലീസിനു വിവരം നൽകിയിരുന്നു. നാട്ടിലെത്തിയാൽ പിടികൂടാൻ മഫ്തിയിലും പൊലീസിനെ വിന്യസിച്ചിരുന്നു. ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ നൂറിലധികം പേർ ഉൾപ്പെട്ട പൊലീസ് സംഘമാണു തിരച്ചിൽ നടത്തിയത്.
.
ഇരട്ടക്കൊലയ്ക്കു കാരണമായ പൊലീസ് വീഴ്ചയിൽ നെന്മാറ സ്റ്റേഷൻ ഇൻസ്പെക്ടർ എം.മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്തു. പൊലീസിനു വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് ഇൻസ്പെക്ടറെ ഉത്തരമേഖലാ ഐജി സസ്പെൻഡ് ചെയ്തത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.