‘പ്രശ്നത്തിന് കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന് ജോത്സ്യൻ, ഇത് കേട്ട് ചെന്താമര സജിതയെ കൊന്നു’; രക്ഷിതാക്കളുടെ വേർപാടിൽ വിങ്ങി സുധാകരൻ്റെ മക്കൾ

നെന്മാറ: ചെന്താമരയുടെ പകയ്ക്ക് ഇരയായി അമ്മ നഷ്ടപ്പെട്ടപ്പോഴും അച്ഛൻ സുധാകരനും മുത്തശ്ശി ലക്ഷ്മിയുമായിരുന്നു സുധാകരന്റെ മക്കളുടെ ആശ്രയവും ആശ്വാസവും. എന്നാൽ അമ്മയെകൊന്നതിന് ജാമ്യത്തിലിറങ്ങിയ ചെന്താമര അച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി ഇല്ലാതാക്കിയ ദുഃഖം താങ്ങാനാവാതെ വിങ്ങുകയാണ് ഈ മക്കൾ. കൊല്ലപ്പെടുമെന്ന ഭയത്താലാണ് മക്കളിരുവരും വീട്ടിൽ വരാതെ അമ്മ വീട്ടിലാണ് ഇത്ര നാളും കഴിഞ്ഞത്. ഇപ്പോൾ അച്ഛൻ സുധാകരന്റേയും മുത്തശ്ശി ലക്ഷ്മിയുടെയും മൃതദേഹം വീട്ടിൽതന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് സുധാകരന്റെ മക്കൾ.
.
“അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. അച്ഛമ്മയും അവിടെ തന്നെയായിരുന്നു. അവർ അവിടെ തന്നെ വേണം. വേറെ എവിടേയും കൊണ്ടുപോകേണ്ട. ഞങ്ങൾ പേടിച്ചിട്ട് അമ്മയുടെ വീട്ടിലായിരുന്നു. അമ്മ മരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് അന്തവിശ്വാസമുള്ളത് അറിയുന്നത്. നീണ്ടമുടിയുള്ളവരാണ് ഇയാളുടെ കുടുംബപ്രശ്നം എന്ന് വിശ്വസിച്ചു. അമ്മ പോയി. അച്ഛനേയും ഇപ്പോൾ കൊന്നു. എങ്ങിനെയെങ്കിലും പോലീസ് ഇയാളെ കണ്ടെത്തണം. എന്നാലേ ഞങ്ങൾക്ക് സമാധാനമുള്ളൂ”, മക്കൾ വിങ്ങലോടെ പറഞ്ഞു.

“ചെന്താമര ആരോടും സംസാരിക്കാറില്ല. ചെന്താമരയുടെ വീട്ടിൽ നിന്ന് എപ്പോഴും അയാൾ ഇങ്ങോട്ട് നോക്കുമായിരുന്നു. എന്തിന്റെ പേരിലാണ് അച്ഛനേയും അച്ഛമ്മയേയും കൊലപ്പെടുത്തിയത് എന്നറിയില്ല”. നമ്മളെ ഇനി ഒന്നും ചെയ്യില്ല എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും സുധാകരന്റെ മക്കൾ കൂട്ടിച്ചേർത്തു. ചെന്താമര അന്ധവിശ്വാസിയായിരുന്നു എന്ന് പ്രദേശവാസി പുഷ്പയും വ്യക്തമാക്കി. മുടി നീട്ട് വളർത്തിയ സ്ത്രീ ആണ് ഇയാളുടെ കുടുംബപ്രശ്നത്തിന് കാരണമെന്ന് വിശ്വസിച്ചു. തന്നെ ഇയാൾ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
.
വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു പരമേശ്വരനും വ്യക്തമാക്കി. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും പരമേശ്വരൻ പറഞ്ഞു.

.
‘‘ ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കയ്യിൽ കിട്ടിയാൽ പോലും അവൻ അത് പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യർ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളിൽ പോകണമെന്നോ പറഞ്ഞാൽ ഭാര്യയുടെയും മറ്റും സ്വർണം വിറ്റിട്ട് വരെ അവൻ അത് ചെയ്യാറുണ്ട്.  ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
.
ചെന്താമരയുടെ കയ്യിൽ ഒരു കൊടുവാളുണ്ട്. അതു കണ്ട് പൊലീസിനെ പല തവണ വിളിച്ച് പറഞ്ഞിട്ടും അവരെത്തിയിരുന്നില്ല. ഏഴു പരാതി അവനെതിരെ പൊലീസിൽ നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ഒന്നും ചെയ്തിട്ടില്ല.’’– ചെന്താമരയുടെ ബന്ധു പരമേശ്വരൻ പറഞ്ഞു.

ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി ബിന്ദു പറഞ്ഞു. അവന്റെ കയ്യിലുള്ള കൊടുവാൾ കണ്ടിട്ടാണ് ഭാര്യ രക്ഷപ്പെട്ടത്. അല്ലാതെ സജിതയ്ക്ക് അതിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല. അവൾ പാവമാണ്. ഇവിടെ അരിഞ്ഞ് വീഴ്‌ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് അവൻ എപ്പോഴും പറയാറുണ്ടെന്നും അവനെ എല്ലാവർക്കും പേടിയാണെന്നും അമ്മായി പറഞ്ഞു. ചെന്താമരയെ എങ്ങനെയെങ്കിലും പിടിക്കണമെന്നും പേടിയോടെയാണ് ഇപ്പോൾ ഈ നാട്ടിൽ താമസിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ അവൻ വിഷം കഴിച്ച് മരിക്കുമെന്ന് തോന്നുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
.

.

                                                      പ്രതി ചെന്താമര, എഡിജിപി മനോജ് എബ്രഹാം
.

അതിനിടെ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇത് തിരിച്ചറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഉന്നത തലത്തിലുള്ള പോലീസ് ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
.

എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണമാണ് ഇപ്പോള്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്. നെന്മാറ എസ്എച്ച്ഒ അടക്കമുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണിതെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയത്.

നെന്മാറ പോലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
.

നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്. ചില അയല്‍വാസികളെയും ഭീഷണിപ്പെടുത്തി. സമീപവാസികള്‍ ഇതുസംബന്ധിച്ച് നെന്മാറ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനുള്ളില്‍ കയറാതെ നിന്ന ഇയാളോട് ഇന്‍സ്‌പെക്ടര്‍ പുറത്തേക്കുവന്നാണ് സംസാരിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയില്‍ റിപ്പോര്‍ട്ടുചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടി വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!